ആലപ്പുഴ മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ രാമായണ മേളയുടെ പേരിൽ സ്വകാര്യ സംഘടന വൻ പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. തുടർനടപടി ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണർ ബോർഡിന് കത്ത് നൽകി.
ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ പേരില്‍ സ്വകാര്യ സംഘടന വന്‍ പണപ്പിരിവ് നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തല്‍. ആലപ്പുഴ മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തില്‍ നടത്തുന്ന രാമായണ മേളയുടെ പേരില്‍ തട്ടിപ്പ് നടന്നെന്ന ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തലിന്‍മേല്‍ തുടര്‍ നടപടി ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണര്‍ ബോര്‍ഡിന് കത്ത് നല്‍കി.
22 വര്‍ഷമായി രാമായണ മേള നടക്കുന്നുണ്ട് തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തില്‍. തൃക്കുരട്ടി സേവാ സമിതി എന്ന സ്വകാര്യ സംഘടനയുടെ നേതൃത്വത്തിലാണ് മേളയുടെ നടത്തിപ്പ്. എന്നാല്‍ ഈ മേളയുടെ മറവില്‍ അനധികൃത പണപ്പിരിവും ദേവസ്വം ഫണ്ട് വെട്ടിപ്പും നടക്കുന്നെന്ന നാട്ടുകാരനായ അനില്‍ കുമാറിന്‍റെ പരാതിയില്‍ ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകളെ കുറിച്ചുളള കണ്ടെത്തലുകള്‍.
ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തൽ
1. മേളയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കണക്കുകള്‍ അപൂര്‍ണമാണ്
2. ഉപദേശക സമിതി അല്ലാതെ മറ്റ് സംഘടനകള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനം
3. നാട്ടുകാരില്‍ നിന്നും വ്യാപാരികളില്‍ നിന്നും പണപ്പിരിവ് നടത്തുന്നെന്ന കാര്യം മറച്ചു വച്ച് ദേവസ്വം ബോര്‍ഡില്‍ നിന്ന് ഗ്രാന്‍റ് വാങ്ങി.
ഇത്രയും ക്രമക്കേടുകളാണ് ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ രാമായണ മേളയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുതാര്യമാണെന്നാണ് സംഘാടകരുടെ വിശദീകരണം. ക്ഷേത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരാണ് ഇപ്പോഴത്തെ പരാതിക്ക് പിന്നിലെന്നും രാമായണമേളയുടെ സംഘാടകര്‍ ആരോപിച്ചു.

