ഇടുക്കി: മൂന്നാര്‍ ദേവികുളം മേഖല പഠനത്തിനുള്ള സര്‍വ്വകലാശാലയാണെന്ന് ദേവികുളം സബ് കളക്ടര്‍ രേണുരാജ്. പുസ്തകങ്ങളിലും മറ്റിടങ്ങളിലും കണ്ടും കേട്ടും പഠിച്ച കാര്യങ്ങളല്ല മൂന്നാറിലെത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്ന് യാത്രയയപ്പ് സമ്മേളനത്തില്‍ രേണുരാജ് പറഞ്ഞു. മറ്റുള്ളവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞ വിഷയങ്ങള്‍ പലതും തെറ്റായിരുന്നു. മൂന്നാറില്‍ പ്രത്യേകിച്ച് ദേവികുളത്ത് സര്‍ക്കാരിന്റെ പ്രതിനിധിയായി എത്തിയപ്പോള്‍ കയ്യേറ്റങ്ങളുടെ വ്യാപ്തിയാണ് മനസിലുണ്ടായിരുന്നത്.

എന്നാല്‍ ഇവിടെയെത്തിപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. പാവപ്പെട്ട നിര്‍ദ്ദനരായ തൊഴിലാളികളാണ് മൂന്നാറെന്ന കൊച്ചുപട്ടണത്തില്‍ ജീവിക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ച ഭൂമിക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്ന ഇവര്‍ക്കായി എന്തെങ്കിലും ചെയ്യുകയായിരുന്നു ജോലിയില്‍ പ്രവേശിച്ചതുമുതല്‍ തന്‍റെ ആഗ്രഹമെന്നും ഇതിനായി കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമികള്‍ അളന്നുകൊടുക്കാന്‍ നടപടികള്‍ സ്വീകരിച്ചുവെന്നും രേണുരാജ് പറഞ്ഞു. 

പ്രേംകുമാറിന് പിന്നാലെ രേണു രാജും; കൊട്ടക്കമ്പൂരിലെ പട്ടയം റദ്ദാക്കിയവരെ ഒന്നൊന്നായി സ്ഥലം മാറ്റി സർക്കാർ

അത് തൊഴിലാളികള്‍ക്ക് വിതരണം നടത്തി മടങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പെട്ടെന്ന് സ്ഥാനചലനം സംഭവിക്കുമെന്ന് കരുതിയില്ലെന്ന് ദേവികുളത്ത് നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയല്ല മറിച്ച് പ്രശ്‌നങ്ങളെ നേരിടാന്‍ പഠിച്ചു. എന്നാല്‍ കഴിയുന്ന വിധത്തില്‍ മറ്റുള്ളവരെ സഹായിക്കാന്‍ കഴിഞ്ഞെന്നാണ് മനസിലാക്കുന്നത്. എവിടെപ്പോയാലും ജോലികള്‍ ക്യത്യമായി ചെയ്യുമെന്നും രേണുരാജ് പറഞ്ഞു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷമി, എപിപി ബിജുകുമാര്‍, ഡിഎഫ്ഒ കണ്ണന്‍, ദേവികുളം തഹസില്‍ദ്ദാര്‍ ജിജി കുന്നപ്പള്ളി, റവന്യു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

രേണു രാജിന് പിന്നാലെ മൂന്നാര്‍, പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സ്ഥലംമാറ്റം