സഹോദരന്മാർ തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ പരിഹരിക്കാനായാണ് സത്യാനാഥന്‍ എത്തിയത്. ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി അമ്മിക്കല്ലുകൊണ്ട് തലക്കടിച്ചത്.

കോഴിക്കോട്: വഴക്ക് തടയാനെത്തിയ അമ്മാവനെ യുവാവ് അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. കോഴിക്കോട് വടകര പുതുപ്പണത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുതുപ്പണം സ്വദേശി പുതിയോട്ടില്‍ സത്യാനാഥനാ(55)നാണ് പരിക്കേറ്റത്. സംഭവത്തില്‍ സത്യനാഥന്റെ മരുമകനായ പുതിയോട്ടില്‍ പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

പ്രവീണും സഹോദരനും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ പരിഹരിക്കാനായാണ് സത്യാനാഥന്‍ എത്തിയത്. ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊടുന്നനെ പ്രവീണ്‍ അടുക്കളയിലേക്ക് പോയി അമ്മിക്കല്ലുമായി തിരികെ വരികയും സത്യനാഥന്റെ തലയില്‍ അടിക്കുകയുമായിരുന്നു എന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇയാളെ വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസെത്തി പ്രവീണിനെ അറസ്റ്റ് ചെയ്യുകയും വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയും ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.