കോഴിക്കോട് താമരശ്ശേരിയിൽ അമിത വേഗതയിലെത്തിയ ടിപ്പർ ലോറിയിടിച്ച് ഹോംഗാർഡിന് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥികളെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറിയിടിച്ച് ഹോംഗാര്‍ഡിന് ഗുരുതര പരിക്ക്. താമരശ്ശേരി പോലീസ് സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് ടി.ജെ ഷാജിക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷാജിയെ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒന്‍പതോടെ സംസ്ഥാന പാതയില്‍ താമരശ്ശേരി കോരങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നിലായിരുന്നു അപകടം. 

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ മിനിലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നു. ലോറി അമിത വേഗത്തിലായിരുന്നുവെന്നും കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ലോറി ഡ്രൈവറായ നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി എന്‍.പി സുജിത്തി(37) നെ പോലീസ് കസ്റ്റഡിയിലെടുത്തു.