Asianet News MalayalamAsianet News Malayalam

സബ് കളക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാന്‍ ശ്രമം

പണം തട്ടിപ്പാണോ അതോ മറ്റേതെങ്കിലും ലക്ഷ്യങ്ങള്‍ ഇതിനു പിന്നിലുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 

devikulam sub collector fake facebook account
Author
Idukki, First Published Apr 14, 2021, 6:58 PM IST

ഇടുക്കി: ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍റെ പേരില്‍ ഫേസ് ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സബ് കളക്ടര്‍ സൈബര്‍ സെല്ലിനും ഫേസ്ബുക്ക് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംശയം തോന്നിയ സുഹൃത്തുക്കള്‍  അറിയിച്ചതിനെ തുടര്‍ന്നാണ് വ്യാജന്‍റെ വിവരം സബ്കളക്ടറുടെ ശ്രദ്ധയില്‍ പെട്ടത്.  

വ്യാജ ഫേസ്ബുക്ക് പ്രാഫൈല്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്. വിശദമായ പരിധോനയില്‍ ആസൂത്രിതമായ തട്ടിപ്പിനുള്ള ശ്രമമാണെന്ന് തെളിഞ്ഞു. തട്ടിപ്പില്‍ കുടുങ്ങാതിരിക്കുവാന്‍ ഉടന്‍ തന്നെ സബ് കളക്ടര്‍ തന്റെ പേരിലുള്ള തട്ടിപ്പില്‍ ആരും കുടുങ്ങരുതെന്ന് ഔദ്യോഗിക ഫേസ്ബുക്കില്‍ പോസ്റ്റ് നല്‍കുകയും ചെയ്തു. ഈ പേജില്‍ ആര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് നല്‍കരുതെന്നും അറിയിച്ചിട്ടുണ്ട്. 

പ്രൊഫൈല്‍ സൃഷ്ടിച്ചയാള്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യര്‍ത്ഥയാണ് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ദേവികുളത്ത് സബ് കളക്ടര്‍ക്ക് ഉള്ള സ്വാധീനം മുതലെടുത്താണ് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചിട്ടുള്ളതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനെക്കുറിച്ച് സൈബല്‍ സെല്‍ ആന്വേഷണം അരംഭിച്ചിട്ടുണ്ട്. വ്യാജന്‍ പണം ആവശ്യപ്പെട്ടുള്ള സന്ദേശമാണ് ഏറെയും അയച്ചിട്ടുള്ളത്.

പണം തട്ടിപ്പാണോ അതോ മറ്റേതെങ്കിലും ലക്ഷ്യങ്ങള്‍ ഇതിനു പിന്നിലുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഭൂമാഫിയ്‌ക്കെതിരെയും വ്യാജ കൈയ്യേറ്റങ്ങള്‍ക്കെതിരെയും സബ് കളക്ടര്‍ സമീപ കാലത്ത് സ്വീകരിച്ച നടപടികളില്‍ അതൃപ്തിയുള്ള ചിലര്‍ കരുതിക്കൂട്ടി തേജോവധം ചെയ്യാനും അപകീര്‍ത്താനും ശ്രമിക്കുന്നതിന്റെയും ഭാഗമായി നിര്‍മ്മിച്ചതാണോ വ്യാജ അക്കൗണ്ടെന്നും സംശയിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios