രാവിലെ മുതൽ ആശുപത്രി കവാടം താഴിട്ട് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് രോഗികളും പ്രതിഷേധക്കാരും പറയുന്നത്
കൊല്ലം: സർക്കാർ ആശുപത്രി പൂട്ടിയിട്ട് ജീവനക്കാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതോടെ വലഞ്ഞത് നിരവധി രോഗികൾ. അഞ്ചൽ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ക്ലർക്കിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് ഗേറ്റ് താഴിട്ടുപൂട്ടി ജീവനക്കാർ പോയത്. റിപ്പബ്ലിക് ദിനം ആയിട്ട് ആശുപത്രിയിൽ ദേശീയ പതാക ഉയർത്തിയതും ഇല്ല. രാവിലെ 8 മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് ഇ എസ് ഐ ആശുപത്രിയുടെ പ്രവർത്തന സമയം. അവധി ദിവസം കൂടി ആയതിനാൽ തൊഴിലാളികൾ അടക്കം നിരവധി പേരാണ് ഇവിടെയെത്തി ചികിത്സ കിട്ടാതെ മടങ്ങിയത്. ഇതോടെ വിവിധ രാഷ്ട്രീയ സംഘടനകൾ ആശുപത്രിക്ക് മുന്നിൽ കൊടികുത്തി. മണിക്കൂറുകളോളം പ്രതിഷേധിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് അഞ്ചൽ പൊലീസും സ്ഥലത്തെത്തി. രാവിലെ മുതൽ ആശുപത്രി കവാടം താഴിട്ട് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് രോഗികളും പ്രതിഷേധക്കാരും പറയുന്നത്. ഡോക്ടറും മറ്റു വിഭാഗങ്ങളിലുള്ളവരും അടക്കം പത്തോളം ജീവനക്കാരാണ് ഇവിടെയുള്ളത്. എന്നാൽ രാവിലെ ഡോക്ടർ എത്തി രോഗികളെ പരിശോധിച്ച ശേഷം ആണ് പോയത് എന്നാണ് ജീവനക്കാരിൽ ചിലർ പറയുന്നത്. ജീവനക്കാർ എത്തിയപ്പോൾ തുറക്കാൻ പ്രതിഷേധക്കാർ അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്. രോഗികൾക്ക് ചികിത്സ നിഷേധിച്ച് വിവാഹം കൂടാൻ പോയ ആശുപത്രി ജീവനക്കാർക്കെതിരെ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ശക്തമാകുന്നത്.


