അലങ്കാര ബൾബുകൾ നഷ്ടപ്പെട്ടെന്ന പള്ളി സെക്രട്ടറിയുടെ പരാതിയിലും ഇൻവെർട്ടർ മോഷ്ടിച്ചെന്ന നഴ്‌സിംഗ് ഓഫീസറുടെ പരാതിയിലുമാണ് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്

കൊല്ലം: കരുനാഗപ്പള്ളിയിൽ രണ്ട് മോഷണകേസുകളിൽ പ്രതികൾ പിടിയിൽ. വാഴാലിക്കടവ് മുസ്ലിം പള്ളിയിലെ നബിദിനാഘോഷത്തിന്‍റെ അലങ്കാര ബൾബുകൾ മോഷ്ടിച്ചതിന് കല്ലേലിഭാഗം സ്വദേശി ഗോപകുമാറും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്ന് ഇൻവർട്ടർ മോഷ്ടിച്ചതിന് കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി സന്തീപുമാണ് അറസ്റ്റിലായത്. അലങ്കാര ബൾബുകൾ നഷ്ടപ്പെട്ടെന്ന പള്ളി സെക്രട്ടറിയുടെ പരാതിയിലും ഇൻവെർട്ടർ മോഷ്ടിച്ചെന്ന നഴ്‌സിംഗ് ഓഫീസറുടെ പരാതിയിലുമാണ് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്.

നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. മറ്റൊരു മോഷണക്കേില്‍ ചന്ദനമോഷണ സംഘത്തിലെ രണ്ട് പേർ ഇന്നലെ ചക്കരക്കല്ലിൽ അറസ്റ്റിലായിരുന്നു. ഇരുവേലിയിൽ നിന്ന് ചന്ദനം മോഷ്ടിച്ച സംഘത്തിലുളളവരാണ് പിടിയിലായത്. മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലെ ചന്ദനമരം മോഷ്ടിച്ചതും ഇവരെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവേലിയിലെ വീട്ടുവളപ്പിലെ രണ്ട് ചന്ദനമരങ്ങൾ ഈ മാസം പതിനഞ്ചിന് മുറിച്ച് കടത്തിയിരുന്നു. അതിലാണ് ശിവപുരം സ്വദേശികളായ ലിജിലും ശ്രുതിനും പിടിയിലാകുന്നത്. ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് അറസ്റ്റ്.

നാലംഗസംഘമാണ് മോഷ്ടിക്കാനെത്തിയത്. ഇവരില്‍ രണ്ട് പേരെ പൊലീസ് തിരയുകയാണ്. ജില്ലയിൽ ചന്ദനമോഷണങ്ങൾ ഈയിടെ പതിവായിരുന്നു. എപ്പോഴും പൊലീസ് കാവലുളള മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലെ ചന്ദനമരങ്ങൾ വരെ മോഷണം പോയി. അതിന് പിന്നിലും ഈ സംഘമെന്നാണ് പൊലീസിന്‍റെ സംശയം. കഴിഞ്ഞ മാർച്ചിലും ഈ മാസം പതിമൂന്നിനുമാണ് റൂറൽ എസ്പി ഓഫീസ് കൂടിയുളള സ്ഥലത്തെ ചന്ദനമരങ്ങൾ മോഷ്ടിച്ചത്. ഇപ്പോൾ പിടിയിലായവരുടെ ടവർ ലൊക്കേഷൻ ആ ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പ് പ്രദേശത്തായിരുന്നു. എന്നാൽ ഇവർ കുറ്റം സമ്മതിച്ചിട്ടില്ല.കൊമ്പുകൾ കയറിട്ട് കെട്ടി മരം വീഴാത്ത രീതിയിൽ മുറിച്ചാണ് ഇവർ കടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം