റോഡിൽ സൂക്ഷിച്ചിരുന്ന ജനറേറ്ററിൽ നിന്നും മഹേഷ് പെട്രോൾ ഉറ്റി എടുത്തെന്ന് ആരോപിച്ചാണ് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനായ രാജേഷ് ഇയാളെ മർദ്ദിച്ചത്.
തിരുവനന്തപുരം: വെള്ളറടയിൽ ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരനായ യുവാവിനെ മർദ്ദിച്ചു അവശനാക്കി. കത്തിപ്പാറ കോളനിയിലെ മഹേഷ് (40) നെയാണ് കുടപ്പനമൂട് സ്വദേശിയായ രാജേഷ് (20) മർദ്ദിച്ചത്. രാജേഷിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ വെളളറട ആറാട്ടുക്കുഴി ജംഗഷനിലാണ് സംഭവം. സമീപത്ത് ക്രിസ്മസ് ആഘോഷത്തിനായി സൗണ്ട് സിസ്റ്റം എത്തിച്ചിരുന്നു. അതിന്‍റെ ഭാഗമായി റോഡിൽ സൂക്ഷിച്ചിരുന്ന ജനറേറ്ററിൽ നിന്നും മഹേഷ് പെട്രോൾ ഉറ്റി എടുത്തെന്ന് ആരോപിച്ചാണ് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനായ രാജേഷ് ഇയാളെ മർദ്ദിച്ചത്. കടയ്ക്ക് മുന്നില്‍ ഇരിക്കുകയായിരുന്ന മഹേഷിനെ, മദ്യപിച്ചെത്തിയ രാജേഷ് മുഖത്തടിക്കുകയും മുഖത്ത് ചവിട്ടുകയും ചെയ്തു.
ഇതിന് ശേഷം മഹേഷിന്‍റെ കോളറില്‍പ്പിട്ടിച്ച് രാജേഷ് വലിച്ചിഴയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം കണ്ട് മർദ്ദനം തടയാൻ ശ്രമിച്ച സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാരനായ ഷാജിക്കും മർദനമേറ്റു.മർദ്ദനമേറ്റ മഹേഷ് ആറാട്ടുകുഴിയിലെ ഹോട്ടലിൽ ജീവനക്കാരനാണ്. അവിടെ ചെറിയ രീതിയിലുള്ള ജോലികൾ ചെയ്താണ് ഇയാൾ ജീവിക്കുന്നത്. സംസാരശേഷി കുറവുള്ള മഹേഷ് താൻ ഡീസൽ മോഷ്ടിച്ചില്ലെന്ന് കൈകൂപ്പി അപേക്ഷിച്ചെങ്കിലും പ്രതി മർദ്ദനം തുടർന്നതായി പൊലീസ് പറഞ്ഞു.
