ഭിന്നശേഷിക്കാരനായ നിധീഷ് (34) ഉറക്കത്തിനിടെ വീട്ടുവരാന്തയില്‍ നിന്ന് വീണാണ് മരിച്ചതെന്ന് കരുതുന്നു

കോഴിക്കോട്: നാദാപുരം വളയത്ത് വീട്ടുവരാന്തയിലെ തിണ്ണയില്‍ കിടന്നുറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉറക്കത്തിനിടെ അബദ്ധത്തില്‍ താഴെ വീണതാകാമെന്നാണ് കരുതുന്നത്. വളയം പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന ചെട്ട്യാംവീട്ടില്‍ നിധീഷ് (34) ആണ് മരിച്ചത്.

ഭിന്നശേഷിക്കാരനായ നിധീഷിന് സംസാരശേഷിയും കേള്‍വിശക്തിയും ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ അബോധാവസ്ഥയില്‍ വരാന്തയില്‍ കിടക്കുന്ന നിലയില്‍ കണ്ട നിധീഷിനെ വീട്ടുകാര്‍ ഉടന്‍ തന്നെ വളയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും നേരത്തേ മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു. പരേതനായ കുമാരന്റെയും സതിയുടെയും മകനാണ്. സഹോദരങ്ങള്‍: അഭിനന്ദ്, അരുണിമ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പത്തനംതിട്ട നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ട്രാൻസ്‌മാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നതാണ്. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി സിദ്ധാർഥ് കെ എം ( 29 ) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വിളിച്ചുണർത്താൻ അമ്മ ചെന്നപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. സിദ്ധാർത്ഥിൻ്റേത് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർ‍ട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സിദ്ധാർഥ് 2022 ലാണ് പുരുഷനാകുന്നതിനുള്ള ശസ്ത്രക്രിയ അടക്കം തുടങ്ങിയത്. ഹോർമോൺ ചികിത്സ തുടരുന്നതിനിടെയാണ് സിദ്ധാ‌ർഥിന്‍റെ മരണ വാർത്ത എത്തുന്നത്. എന്താണ് മരണത്തിന്‍റെ യഥാർത്ഥ കാരണമെന്നതിൽ ബന്ധുക്കൾക്കും വീട്ടുകാർക്കും വ്യക്തതയില്ല. ജോലി കിട്ടാത്തതിൽ സിദ്ധാർഥിന് മാനസിക വിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ചികിത്സ തുടരുന്നതിന് അടക്കമുള്ള സാമ്പത്തിക പ്രതിസന്ധികൾ ആകാം ജീവൻ ഒടുക്കാൻ കാരണം എന്ന സംശയവും ഉണ്ട്. എന്നാൽ ഇക്കാര്യത്തിലൊന്നും സ്ഥിരീകരണമില്ല. സ്ഥലത്തെത്തിയ ഫൊറൻസിക് വിഭാഗം വിശദമായി തെളിവെടുത്തിട്ടുണ്ട്. ആറന്മുള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.