രോഗിയോട് 2000 രൂപ കൈക്കൂലി; വിജിലൻസ് പിടിച്ച ഡോക്ടറെ സസ്പെന്റ് ചെയ്തു
ഡിസംബര്‍ മാസത്തിലായിരുന്നു ആദ്യം ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ച് നൽകിയത്. ഈ തീയതി നേരത്തെ ആക്കുന്നതിനാണ് ഡോ വെങ്കിടഗിരി 2000 രൂപ കൈക്കൂലി വാങ്ങിയത്

കാസർകോട്: രോഗിയോട് കൈക്കൂലി വാങ്ങിയ ഡോക്ടറെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ വെങ്കിടഗിരിയെയാണ് സസ്പെന്റ് ചെയ്തത്. അബ്ബാസ് എന്ന രോഗിയിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുമ്പോൾ കഴിഞ്ഞ മൂന്നാം തീയതി വിജിലൻസ് ഇയാളെ പിടികൂടിയിരുന്നു. ഇതിന് ശേഷം റിമാന്റിൽ കഴിയുകയാണ് വെങ്കിടഗിരി.
കാസർകോട് നുള്ളിപ്പാടിയിലെ വീട്ടില്‍ വച്ചാണ് രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയത്. മധൂര്‍ പട്ള സ്വദേശി അബ്ബാസിന് ഹെര്‍ണിയ ശസ്ത്രക്രിയക്ക് തീയതി നിശ്ചയിക്കാനാണ് കാശ് വാങ്ങിയത്. വിജിലൻസ് സംഘം നല്‍കിയ നോട്ടുകളാണ് അബ്ബാസ് ഡോ വെങ്കിടഗിരിക്ക് കൈമാറിയത്. പണം വാങ്ങി പാന്റ്സിന്റെ കീശയില്‍ ഇട്ട ഉടനെ ഡിവൈഎസ്പി വിശ്വംഭരന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമെത്തി ഡോക്ടറെ പിടികൂടുകയായിരുന്നു.
ഡിസംബര്‍ മാസത്തിലായിരുന്നു ആദ്യം ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ച് നൽകിയത്. ഈ തീയതി നേരത്തെ ആക്കുന്നതിനാണ് ഡോ വെങ്കിടഗിരി 2000 രൂപ കൈക്കൂലി വാങ്ങിയത്. പരാതിക്കാരന് ചികിത്സ ഉറപ്പ് വരുത്താന്‍ വിജിലന്‍സ് ഡിവൈഎസ്പി അടക്കമുള്ള സംഘം ആശുപത്രിയിലെത്തി. സൂപ്രണ്ട് അടക്കമുള്ളവരെക്കണ്ട് ഡിവൈഎസ്പി ചർച്ച നടത്തി ഒക്ടോബർ നാലിന് തന്നെ ശസ്ത്രക്രിയ നടത്തി. അബ്ബാസിപ്പോൾ ആശുപത്രി വിട്ടു.
മുൻപ് 2019 ല്‍ കൈക്കൂലി വാങ്ങിയതിന് വെങ്കിടഗിരിക്കെതിരെ നടപടിയെടുത്തിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയിലെത്തിയ പാറക്കട്ട സ്വദേശി മുഹമ്മദ് ഷാസിബിന് ശസ്ത്രക്രിയക്ക് ആവശ്യമായ അനസ്തേഷ്യ നല്‍കാന്‍ ഡോ വെങ്കിടഗിരി വിസമ്മതിച്ചിരുന്നു. ഈ കേസിൽ പിന്നീട് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. അച്ചടക്ക നടപടി സ്വീകരിക്കാനായിരുന്നു 2021 ലെ മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്.