നിലമ്പൂർ ആദിവാസി കോളനിയിലേക്ക് മെഡിക്കൽ ക്യാമ്പിന് പോയ ഡോക്ടറും സംഘവും ഉൾവനത്തിൽ കുടുങ്ങിയത് നാല് മണിക്കൂറോളം.

മലപ്പുറം: നിലമ്പൂർ ആദിവാസി കോളനിയിലേക്ക് മെഡിക്കൽ ക്യാമ്പിന് പോയ ഡോക്ടറും സംഘവും ഉൾവനത്തിൽ കുടുങ്ങിയത് നാല് മണിക്കൂറോളം. ഒടുവിൽ രക്ഷകരായത് അഗ്‌നി രക്ഷാ സേന. ആദിവാസി കോളനിയിൽ മെഡിക്കൽ ക്യാമ്പിന് പോയ ട്രൈബൽ മൊബൈൽ യൂണിറ്റിലെ ഡോക്ടറും സംഘവുമാണ് ഉൾവനത്തിൽ കുടുങ്ങിയത്. 

വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് ചാലിയാർ വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലേക്കാണ് ട്രൈബൽ മൊബൈൽ യൂണിറ്റിലെ ഡോ. അശ്വതിയും സംഘവും മെഡിക്കൽ ക്യാമ്പിന് പോയത്. മൊബെൽ മെഡിക്കൽ യൂണിറ്റിന്റെ ജീപ്പിന്റെ ഡീസൽ ടാങ്ക് പൊട്ടിയതോടെ സംഘം ഉൾവനത്തിൽ അകപ്പെടുകയായിരുന്നു. പാലക്കയം പ്ലാന്റേഷനിൽ നിന്നും മൺപാതയിലൂടെ വെറ്റിലക്കൊല്ലി കോളനിയിലേക്ക് പോകുന്നതിനിടെയാണ് സംഘം സഞ്ചരിച്ച ജീപ്പിന്റെ ഡീസൽ ടാങ്ക് പൊട്ടിയത്. 

ഉടൻ നിലമ്പൂർ ഫയർഫോഴ്സ്, പോലീസ് ഇ ആർ എഫ് ടീം എന്നിവരെ വിവരം അറിയിച്ചു. വിവരം ലഭിച്ച ഉടൻ നിലമ്പൂർ ഫയർഫോഴ്സ് സംഘം വെറ്റിലക്കൊല്ലി കോളനിയിലേക്ക് പുറപ്പെട്ടു. പൊലീസ് നിർദ്ദേശപ്രകാരം ടാക്സി ഡ്രൈവർ പൂക്കോടൻ ലത്തിഫും ജീപ്പുമായി എത്തി. ഫയർ ഫോഴ്സിന്റെ വാഹനത്തിലും ലത്തീഫിന്റെ ജീപ്പിലുമായാണ് സംഘത്തെ ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ തിരിച്ചെത്തിച്ചത്. 

മൊബൈൽ ട്രൈബൽ യൂണിറ്റിന്റെ വാഹനം ഫയർഫോഴ്സ് വാഹനത്തിൽ കെട്ടി വലിച്ചും വനത്തിന് പുറത്തെത്തിച്ചു. നിലമ്പൂരിൽ നിന്നും 26 കിലോമീറ്റർ അകലെ പന്തീരായിരം ഉൾവനത്തിലാണ് വെറ്റില ക്കൊല്ലി കോളനി. പകൽ സമയം പോലും കാട്ടാനകളുടെ സാന്നിധ്യമുള്ള മേഖലയാണിത്. 

Read more: മലപ്പുറത്ത് ബസിൽ പോക്കറ്റടി ശ്രമം, യാത്രക്കാർ കയ്യോടെ പൊക്കി, നാടോടി സ്ത്രീ പുറത്തേക്ക് ചാടി

നിലമ്പൂർ ഫയർ യൂണിറ്റിലെ സ്റ്റേഷൻ ഓഫീസർ പി ടി ഉമ്മർ, ഫയർഫോഴ്സ് ജീവനക്കാരായ സാബു, അനീഷ്. വിജേഷ് ഉണ്ണി, സുമീർ, തോമസ്, ജിമ്മി, മൈക്കിൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ചാലിയാർ കടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ഉൾപ്പടെ എട്ട് പേരാണ് ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിലുണ്ടായിരുന്നത്.