ചേര്‍ത്തല: പരിഭ്രാന്തി പരത്തി പേപ്പട്ടി ആക്രമണം. ഇന്ന് രാവിലെ ഗേള്‍സ് ഹൈസ്‌കൂള്‍ കവലക്കു സമീപമാണ് അഞ്ചുപേര്‍ക്ക് കടിയേറ്റത്. ഇതിനൊപ്പം നിരവധി പട്ടികള്‍ക്കും കടിയേറ്റിട്ടുണ്ട്. സ്വകാര്യ സ്‌കാന്‍ സെന്ററിലെ ജീവനക്കാരനായ നഗരസഭാ 12ാം വാര്‍ഡ് ആശാപറമ്പില്‍ ഗുരുസ്വാമി(60), പത്താം വാര്‍ഡ് മംഗളോദയം രജിമോന്‍(34), മാലിച്ചിറ ദാമോദരന്‍(65), കുറുവേലിച്ചിറ കൊച്ചുപാപ്പി(68), തൈക്കല്‍ കൊച്ചുപറമ്പില്‍ ഷൈലജ്(44) എന്നിവര്‍ക്കാണ് കടിയേറ്റത്.

എല്ലാവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ വി.ടി.ജോസഫും കൗണ്‍സിലര്‍ പി.ജ്യോതിമോളും എത്തി പട്ടിപിടുത്തകാരനെയെത്തിച്ചാണ് പട്ടിയെ വലയിലാക്കിയത്. കണിച്ചുകുളങ്ങര വെറ്റിനറി കേന്ദ്രത്തിലെത്തിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയില്‍ പട്ടിക്കു പേയുണ്ടെന്നു തെളിഞ്ഞതോടെ നഗരസഭ ആരോഗ്യവിഭാഗം നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

രാവിലെ 9.30 ഓടെ അരൂക്കുറ്റി റോഡില്‍ ശാവേശ്ശേരി ഭാഗത്തു നിന്നുമാണ് പട്ടിയുടെ അക്രമണം ഉണ്ടായത്. റോഡിലൂടെ നടന്നുവന്നവര്‍ക്കു നേരെയായിരുന്നു അക്രമം.