എക്സൈസ് സംഘം സംയുക്ത വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 

തൃശ്ശൂർ: പിക്കപ്പ് വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 1485 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. എക്സൈസ് സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം ഒല്ലൂർ ഭാഗത്ത് എക്സൈസ് ഐബിയും സ്ക്വാഡും വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. പിക്കപ്പ് വാഹനം എക്സൈസ് വാഹനത്തെ ഇടിച്ച് അപകടമുണ്ടാക്കുകയും ചെയ്തു. 

വാഹനം ഇടിച്ചതിന് പിന്നാലെ ഡ്രൈവർ പിക്കപ്പിൽ നിന്ന് ഇറങ്ങിയോടി. ഇയാൾ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ വാഹനം പരിശോധിച്ചപ്പോഴാണ് 1485 ലിറ്റർ സ്പിരിറ്റ് കന്നാസുകളിലാക്കി സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്. രക്ഷപ്പെട്ട പ്രതികൾക്കായുള്ള അന്വേഷണം എക്സൈസുകാർ ഊർജിതമാക്കി. 

തൃശ്ശൂർ എക്സൈസ് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ റോയ് ജോസഫിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. ഐ.ബി എക്സൈസ് ഇൻസ്പെക്ടർ എ.ബി പ്രസാദ്, എക്സൈസ് ഇൻസ്പെക്ടർ സുദർശനകുമാർ, ഐബി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ വി.എം ജബ്ബാർ, പി.വി ബെന്നി, എം.ആർ നെൽസൺ, കെ.വി ജീസ്മോൻ, കെ.എൻ.സുരേഷ് എന്നിവരും തൃശൂർ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ കണ്ണൻ, കെ.കെ.വത്സൻ, പ്രിവന്റ്റ്റീവ് ഓഫീസർമാരായ വി.എസ്.സുരേഷ്, അഫ്സൽ, സിവിൽ എക്സൈസ് ഓഫീസർ കണ്ണൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സംഗീത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം