ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറിയ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നവർക്കാണ് പരിക്കേറ്റത്. 

കോഴിക്കോട്: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ള്യേരിയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാന്‍ സ്വദേശി കിരണ്‍ ഇയാളുടെ സഹായി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെയോടെ ബാലുശ്ശേരി റെയ്ഞ്ച് എക്‌സൈസ് ഓഫീസിന് സമീപമായിരുന്നു അപകടം. 

നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഉള്ള്യേരി 19-ാം മൈലിലുള്ള താനിയുള്ളതില്‍ കരുണാകരന്റെ ഉടമസ്ഥതയിലുള്ള രാമനഗരം ടീ ഷോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പിന്നാലെയെത്തിയ ഗുഡ്‌സ് ഓട്ടോ ടിപ്പറിന് പിന്നില്‍ ഇടിച്ചു. ഓട്ടോയില്‍ സഞ്ചരിച്ചവര്‍ക്കാണ് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ഓട്ടോയുടെയും കടയുടെയും മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്.
കിരണിന് തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 

പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിപ്പര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകത്തിന് കാരണമെന്നാണ് കരുതുന്നത്. സ്ഥിരം അപകട മേഖലയായ ഇവിടെ 12 വര്‍ഷത്തിനിടയില്‍ 13 പേര്‍ക്ക് വിവിധ അപകടങ്ങളിലായി ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Read also: ബസും കാറും കൂട്ടിയിടിച്ചു, അപകടത്തില്‍ മരിച്ച ഒരു വയസുകാരൻ്റെ അമ്മയും ചികിത്സയിലിരിക്കെ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം