'അങ്ങോട്ടും മാറില്ല ഇങ്ങോട്ടും മാറില്ല'; ബസിന് മുന്നിൽ സ്‌കൂട്ടറിൽ യുവാവിന്‍റെ അഭ്യാസം, എട്ടിന്‍റെ പണി കിട്ടി
ബസ് ഡ്രൈവർ പലതവണ ഹോണടിച്ചിട്ടും മനപ്പൂർവ്വം വാഹനതടസം സൃഷ്ടിച്ചായിരുന്നു ഫർഹാന്‍റെ സ്കൂട്ടറിലെ അഭ്യാസം.

കോഴിക്കോട്: മീഞ്ചന്തയില്‍ സ്വകാര്യ ബസിന് മുന്നിൽ സ്കൂട്ടർ യാത്രികനായ യുവാവിന്റെ അഭ്യാസപ്രകടനം. ബസിന്‍റെ വഴിമുടക്കിയായിരുന്നു യുവാവിന്‍റെ അഭ്യാസം. അപകടകരമായ രീതിയിൽ വാഹനമോടിച്ച കല്ലായി സ്വദേശി ഫര്‍ഹാനെതിരേ പന്നിയങ്കര പൊലീസ് കേസെടുത്തു. മദ്യലഹരിയിലാണ് യുവാവ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു.
അപകടകരമായ ഡ്രൈവിങ്ങിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് ഫർഹാനെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ബസ് ഡ്രൈവർ പലതവണ ഹോണടിച്ചിട്ടും മനപ്പൂർവ്വം വാഹനതടസം സൃഷ്ടിച്ചായിരുന്നു ഫർഹാന്‍റെ സ്കൂട്ടറിലെ അഭ്യാസം. ബസ് ഡ്രൈവറെ കളിയാക്കുന്ന തരത്തിൽ സ്കൂട്ടറിൽ നിന്ന് തിരിഞ്ഞ് നോക്കിയും അപകടകരമായ രീതിയിൽ യുവാവ് ഏറെ നേരം സ്കൂട്ടർ ഓടിച്ചു.
ഇതോടെ ബസിന്‍റെ ഡ്രൈവർ വിവരം പൊലീസ് കണ്ട്രോള്‍ റൂമിൽ വിളിച്ച് അറിയിച്ചു. തുടർന്ന് പൊലീസ് എത്തി റോഡിൽ നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മോട്ടോർവാഹനവകുപ്പും യുവാവിനെതിരെ നടപടിയെടുത്തിട്ടുണ്ട്. ഫര്‍ഹാന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
വീഡിയോ സ്റ്റോറി കാണാം
Read More : 15 വർഷം, മാജിക്കിലൂടെ ബോധവത്കരണം; മലയാളിയായ അശ്വിൻ പരവൂരിന് മെര്‍ലിന്‍ മാജിക് പുരസ്‌കാരം