കഴിഞ്ഞ ദിവസം രാത്രിയിലാണ് മാലിന്യവുമായി ലോറിയിൽ യുവാക്കൾ എത്തിയത്
കൊല്ലം: കക്കൂസ് മാലിന്യം തള്ളുന്നത് നാട്ടുകാർ കണ്ടതിനെ തുടർന്ന് വാഹനവുമായി കടന്ന യുവാക്കൾ പിടിയിൽ. കൊല്ലം ആയൂർ കാരാളികോണത്ത് കക്കൂസ് മാലിന്യം തള്ളുന്നത് നാട്ടുകാർ കണ്ടതോടെ വാഹനവുമായി പാഞ്ഞ മൂന്ന് യുവാക്കളെ ചടയമംഗലം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഹക്കീം, ഷമീർ, ഫൈസൽ എന്നിവരാണ് പിടിയിലായിട്ടുള്ളത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മാലിന്യവുമായി ലോറിയിൽ യുവാക്കൾ എത്തിയത്. അമിതവേഗത്തിൽ വാഹനവുമായി കടന്ന സംഘത്തെ നാട്ടുകാർ പിന്തുടർന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് രക്ഷപ്പെട്ട പ്രതികളെ ലോറിയുടെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ യുവാക്കൾ വാഹനവുമായി ഹാജരായി. ചടയമംഗലം പൊലീസ് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. കേസെടുത്ത ശേഷം ഇവരെ ജാമ്യത്തിൽ വിട്ടു.


