ട്രെയിൻ യാത്രയ്ക്കിടെ അടുത്ത് വന്നിരുന്ന് സംസാരിക്കും, പിന്നെ ഫോൺ കാണില്ല; പാലരുവിയിലെ ഓപ്പറേഷൻ പാളി, അറസ്റ്റ്
പാലരുവി ട്രെയിനിൽ തെങ്കാശി സ്വദേശിയുടെ ഫോൺ മോഷ്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.
കൊല്ലം: ട്രെയിനിൽ യാത്ര ചെയ്ത് മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന പ്രതി കൊല്ലം പുനലൂരിൽ പിടിയിൽ. തൃശൂർ പാവറട്ടി സ്വദേശി അജ്മലാണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ട്രെയിനിൽ യാത്ര ചെയ്ത് സഹയാത്രികരോട് സൗഹൃദം ഭാവിച്ചിരുന്ന് മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നതായിരുന്നു പാവറട്ടി സ്വദേശി അജ്മലിന്റെ രീതി. മൊബൈൽ ഫോൺ മോഷണം പതിവാണെന്ന് റെയിൽവേ പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് നിരീക്ഷണം ശക്തമാക്കി. പാലരുവി ട്രെയിനിൽ തെങ്കാശി സ്വദേശിയുടെ ഫോൺ മോഷ്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.
മോഷ്ണ മുതൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മൊബൈൽ ഷോപ്പുകളിൽ വിൽപന നടത്തുന്നതായിരുന്നു രീതി. നിരവധി ക്രിമിനൽ കേസുകളിൽ അജ്മൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ട്രെയിനുളിൽ സുരക്ഷ ശക്തമാക്കാൻ റെയിൽവേ പൊലീസ് എസ്.പി നിർദ്ദേശം നൽകി.