ഇടുക്കി: തുലാവര്‍ഷം പിന്‍വാങ്ങിയതോടെ പൊടിയില്‍ മുങ്ങി മൂന്നാര്‍ ടൗണും പരിസരവും. കാലവര്‍ഷത്തിൽ തകര്‍ന്ന കുഴികളില്‍ പൊതുമരാമത്ത് വകുപ്പ് മണ്ണിട്ട് നികത്താത്തതാണ് മഴമാറിയതോടെ ടൗണ്‍ പൊടികൊണ്ട് നിറയാന്‍ കാരണം. ഫണ്ടുകള്‍ അനുവധിച്ച് മെറ്റിലടക്കമുള്ള സാധനങ്ങള്‍ വിവിധ  പ്ലാന്റുകളിൽ എത്തിച്ചു കഴിഞ്ഞു. മഴ രണ്ടുദിവസം മാറിയാല്‍ മൂന്നാറിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കുമെന്നായിരുന്നു ദേവികുളം എംഎല്‍എ  എസ്. രാജേന്ദ്രന്‍ പറഞ്ഞത്. 

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരങ്ങള്‍ സംഘടിപ്പിച്ചതോടെയാണ് സര്‍ക്കാരിന്റെ നയം അദ്ദേഹം പത്രസമ്മേളനം വിളിച്ചുകൂട്ടി ജനങ്ങളിലെത്തിച്ചത്. തുടര്‍ച്ചയായുണ്ടാകുന്ന മഴമൂലമാണ് മൂന്നാറിലെ റോഡുകള്‍ നന്നാക്കാന്‍ കഴിയാത്തത്. മഴ രണ്ടുദിവസം മാറി നിന്നാല്‍ റോഡുകളുടെ ടാറിംങ്ങ് ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മഴ നാലുദിവസം മാറിനിന്നിട്ടും ടാറിംങ്ങ് ജോലികള്‍ ആരംഭിക്കാന്‍ അധികൃതർ തയ്യറായിട്ടില്ല. മാത്രമല്ല അശാസ്ത്രീയമായി ടൗണില്‍ കുഴിയടയ്ക്കുകയെന്ന വ്യാജേന മണ്ണും കല്ലും ഇറക്കിയത് ടൗണിൽ പൊടികള്‍കൊണ്ട് നിറയാന്‍ കാരണമായി. 

മഴ മാറിയതോടെ വിനോദത്തിനെത്തിയ സഞ്ചാരികളടക്കം മാസ്ക് ധരിച്ചാണ് ടൗണിലൂടെ യാത്ര ചെയ്യുന്നത്. ഡ്രൈവര്‍മാരുടെ സ്ഥിതിയും മറ്റൊന്നല്ല. വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന പൊടികള്‍ കച്ചവട സ്ഥാപനങ്ങളിലേക്ക് ഇരച്ചുകയറിയതോടെ മാസ്ക് ഉപയോഗിച്ചാണ് ജീവനക്കാരും ജോലിചെയ്യുന്നത്. ചില കടകളുടെ മുന്‍വശം പ്ലാസ്റ്റിക്ക് ചാക്കുകള്‍ ഉപയോഗിച്ച് മൂടിയിരിക്കുകയാണ്. 

കഴിഞ്ഞ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മൂന്നാറിലെ റോഡുകളുടെ പണികള്‍ക്കായി സര്‍ക്കാര്‍ ഫണ്ട് അനുവധിച്ചെങ്കിലും ദിശമാറ്റി പണികള്‍ ആരംഭിച്ചതായി മൂന്നാര്‍ വോയ്‌സ് സംഘടനയുടെ സെക്രട്ടറി ജി. മോഹന്‍കുമാര്‍ ആരോപിക്കുന്നു. ഇതാണ് മൂന്നാറിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറയുന്നു. വിജനമായ മൂന്നാറില്‍ സന്ദര്‍ശകരെ എത്തിക്കുന്നതിന് ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഡിസംബറില്‍ വിന്റർ കാര്‍ണിവലും നടത്തപ്പെടുന്നുണ്ട്. എന്നാല്‍ മൂന്നാറിലേക്ക് കടന്നുവരുന്ന പാതകളുടെ അവസ്ഥ മൂന്നാറിന്റെ വികസനത്തിന് തിരിച്ചടിയാവുകയാണ്. സര്‍ക്കാരിന്റെ നേതൃത്വത്തിൽ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.