ആക്രമണത്തില്‍ പരിക്കേറ്റ യുവാക്കളുമായി പോയ ആംബുലൻസിന് നേരെയും ആക്രമണമുണ്ടായി. ആംബുലൻസിന്‍റെ ചില്ലുകൾ അടിച്ചുതകർത്തു
ചേർത്തല: ആലപ്പുഴയില്‍ ചേർത്തല നെടുമ്പ്രക്കാട്ടുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനു കുത്തേറ്റു. ഡിവൈഎഫ്ഐ ടൗൺ ഈസ്റ്റ് മേഖലാ കമ്മിറ്റിയംഗം ടി.എസ്. അരുണിനാണ് കുത്തേറ്റത്. അരുണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ നാലുപേരെ വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റ യുവാക്കളുമായി പോയ ആംബുലൻസിന് നേരെയും ആക്രമണമുണ്ടായി. ആംബുലൻസിന്‍റെ ചില്ലുകൾ അടിച്ചുതകർത്തു. രാത്രി എട്ടുമണിയോടെയാണ് സംഭവം. നെടുമ്പ്രക്കാട് കഴിഞ്ഞ ദിവസം നടന്ന അക്രമത്തിന്റെ തുടർച്ചയായാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. എട്ടാം വാർഡ് കുളത്രക്കാട് ക്ഷേത്രത്തിനു സമീപം വീടിനുനേരെയും അക്രമമുണ്ടായി. ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനു നേരെയുണ്ടായ അക്രമത്തിനു പിന്നിൽ കഞ്ചാവ്-മയക്കുമരുന്നു സംഘമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
രണ്ടംഗസംഘമാണ് ഡിവൈഎഫ് നേതാവിനെ ആക്രമിച്ചത്. വയറിൽ രണ്ടു കുത്തേറ്റ അരുണിനെ ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഞ്ചാവ് വിൽപ്പനക്കേസിലും മാലമോഷണക്കേസിലും പ്രതികളാണ് അക്രമികളെന്ന് പൊലീസ് പറഞ്ഞു. ലഹരിവിൽപ്പന എതിർത്തതിലെ വിരോധമാണ് അക്രമത്തിന് കാരണം. അരുണിനെ വധിക്കാൻ ശ്രമിച്ചതിൽ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ ഉടൻ പിടികൂടണമെന്ന് ബ്ലോക്ക് പ്രസിഡന്‍റ് ജി. ധനേഷ്‌കുമാറും സെക്രട്ടറി അഡ്വ. ദിനൂപ് വേണുവും ആവശ്യപ്പെട്ടു. പ്രദേശത്തു പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Read More : സ്കൂളിൽ പോകാൻ നിർബന്ധിച്ചു; അമ്മയെ മകന്‍ സിമന്‍റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
