കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരികേൽപ്പിക്കുകയായിരുന്നു

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഡി വൈ എഫ് ഐ പ്രവർത്തകനെ ക്രിമിനൽ കൊട്ടേഷൻ സംഘം വെട്ടിക്കൊന്നു. ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയെയാണു നാലംഗ ക്രിമിനൽ കൊട്ടേഷൻ സംഘം നടുറോഡിൽ വെട്ടിക്കൊന്നത്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവിൽ വേലശേരിൽ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് അമ്പാടി. കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരികേൽപ്പിക്കുകയായിരുന്നു.

അക്രമത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ അമ്പാടിയുടെ കഴുത്തിനും കൈക്കുമാണ് വെട്ടേറ്റത്. കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികൾ ഉടൻതന്നെ പിടിയിലാകുമെന്നും പൊലീസ് വിശദീകരിച്ചു. അതേസമയം അമ്പാടിയുടെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഡി വൈ എഫ് ഐ അഖിലേന്ത്യാ അധ്യക്ഷൻ എ എ റഹീം അടക്കമുള്ളവർ രംഗത്തെത്തി.

കേരളത്തിന് പുതിയ ഭീഷണി! ചക്രവാതചുഴി രൂപപ്പെട്ടു, 48 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായേക്കാം; 5 നാൾ ശക്തമായ മഴ

എ എ റഹീമിൻ്റെ കുറിപ്പ്

ആലപ്പുഴ കായംകുളം ബ്ലോക്കിലെ ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം സ. അമ്പാടിയെ ആർ എസ് എസ് - മയക്കുമരുന്ന് - ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം മാഫിയക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന ശക്തമായ ഇടപെടലുകളിൽ വിളറി പൂണ്ട സംഘങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വിവിധ സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്തിവരുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമ്പാടിയുടെ കൊലപാതകം. ആർ എസ് എസ് - മയക്കുമരുന്ന് - ക്വട്ടേഷൻ മാഫിയക്കെതിരെയുള്ള ഡി വൈ എഫ് ഐയുടെ പ്രവർത്തനങ്ങൾ ഇനിയും ശക്തമായി തന്നെ തുടരും. നമ്മുടെ സമൂഹത്തെ ഇത്തരം മാഫിയകളിൽ നിന്നും രക്ഷിക്കുവാനുള്ള ജനകീയമായ പോരാട്ടം ഡി വൈ എഫ് ഐ ഏറ്റെടുക്കും.സ. അമ്പാടിയുടെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.