Asianet News MalayalamAsianet News Malayalam

മൂന്നാറിനെ മാലിന്യവിമുക്തമാക്കാന്‍ പുന്തോട്ടം സജ്ജമാക്കി ഡി വൈ എസ് പി രമേഷ്‌കുമാര്‍

പാല, മലപ്പുറം എന്നിവിടങ്ങളില്‍ പുന്തോട്ടമെന്ന പേരില്‍ പ്രദേശം മാലിന്യവിമുക്തമാക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തോടെയാണ് രമേഷ് കുമാര്‍ മൂന്നാറിലെത്തിയത്

dysp ramesh kumar plans to develop munnar
Author
Idukki, First Published Aug 31, 2019, 6:42 PM IST

ഇടുക്കി: പ്രക്യതിയെ തൊട്ടറിയണമെങ്കില്‍ മൂന്നാറിലെത്തണം. എന്നാല്‍ ഒരിക്കലെത്തിയാല്‍ പിന്നെ വീണ്ടുമെത്താന്‍ പലരും മടിച്ചേക്കും. തെക്കിന്‍റെ കാശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാറിന്‍റെ അവസ്ഥയാണിതിന് കാരണം. കുറിഞ്ഞിയും നിലഗിരിത്താറുമെല്ലാം മൂന്നാറിന്‍റെ പ്രത്യേകതതന്നെ. അവയെല്ലാം സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരിക്കല്‍ വന്നുപോയവര്‍ വീണ്ടുമെത്തന്‍ മടികാട്ടുന്നു. ഇത്തരം പ്രവണതയ്ക്ക് മാറ്റം വരുത്തുകയാണ് മൂന്നാര്‍ ഡി വൈ എസ് പിയായ ചുമതലയേറ്റ എം രമേഷ്‌കുമാര്‍.

പണ്ടൊരിക്കല്‍ മൂന്നാറിലെത്തി സന്ദര്‍ശിച്ച് മടങ്ങിപ്പോയി. അന്നുള്ള മൂന്നാറല്ല ഇപ്പോള്‍ നാം കാണുന്നത്. എവിടെയും മാലിന്യങ്ങള്‍ കുന്നുകൂടികിടക്കുന്നു. വകുപ്പുകള്‍ മാലിന്യങ്ങള്‍ നീക്കുന്നതിന് പദ്ധതികള്‍ തയ്യറാക്കി നടപ്പിലാക്കുന്നു. എന്നാല്‍ അത് ജനം ഏറ്റെടുക്കുന്നില്ല. അത് വകുപ്പുകളുടെയോ ജനങ്ങളുടെയോ തെറ്റല്ല. സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി പ്രാദേശിക ഭരണകൂടങ്ങളുടെ സഹകരണത്തോടെ ജനങ്ങളെ കയ്യിലെടുക്കുകയാണ് ഇതിനുള്ള ഏക പരിഹാരം.

സേവനമനുഷ്ടിച്ച പാല, മലപ്പുറം എന്നിവിടങ്ങളില്‍ പുന്തോട്ടമെന്ന പേരില്‍ പ്രദേശം മാലിന്യവിമുക്തമാക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തോടെയാണ് രമേഷ് കുമാര്‍ മൂന്നാറിലെത്തിയത്. സമാന രീതിയില്‍ മൂന്നാറിനെ സൗന്ദര്യവത്കരിക്കുന്നതിനോടൊപ്പം മാലിന്യവിമുക്തമാക്കുകയാണ് ഡി വൈ എസ് പി. ജൂണ്‍ 15 നാണ് അദ്ദേഹം മൂന്നാര്‍ ഡി വൈ എസ് പിയായി ചുമതലയേറ്റത്.

രണ്ടുമസംകൊണ്ട ആദ്യ പുന്തോട്ടം സജ്ജമാക്കുകയും ചെയ്തു. രണ്ടാംഘട്ടമായി മൂന്നാറിലെ പ്രധാനവിനോദസഞ്ചാരമേഖലകളില്‍ വിവിധ സംഘടനകള്‍, എന്‍ ജി ഒകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സഹകരണത്തോടെ സൗന്ദര്യവത്കരിക്കുകയാണ്. പഴയമൂന്നാര്‍ മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗങ്ങളില്‍ നാലുമാസത്തിനുള്ളില്‍ പുന്തോട്ടം സജ്ജമാകും. മൂന്നാര്‍ ബ്യൂട്ടിഫിക്കേഷന്‍റെ ഭാഗമായി റോഡുകള്‍, പുഴയോരങ്ങള്‍, ശൗചാലയങ്ങള്‍ എന്നിവയും നിര്‍മ്മിക്കും. 20 വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പദ്ധതികളാണ് പൊലീസ് വകുപ്പിന്റെ നേത്യത്വത്തില്‍ മൂന്നാറില്‍ നടപ്പിലാക്കുന്നത്.

പുന്തോട്ടം സജ്ജമാകുന്നതോടെ പൂക്കള്‍ പറിക്കുന്നതിനും, കളയെടുക്കുന്നതിനും, പഴവര്‍ഗ്ഗങ്ങള്‍ വില്പന നടത്തുന്നതിനും പ്രദേശവാസികളെ നിയമിക്കും. തൊഴിലവസരങ്ങളും പദ്ധതിയുടെ ഭാഗമാകും. ദേവികുളം എം എല്‍ എ, സബ് കളക്ടര്‍, പൊലീസ്, വിവിധ സംഘടനകള്‍ എന്നിവയെ ഏകോപിപിച്ച് സൊസൈറ്റികള്‍ക്ക് രൂപം നല്‍കും. 20 സൊസൈറ്റികളാണ് പദ്ധതിയുടെ ഭാഗമായി മാറുന്നതോടെ മൂന്നാര്‍ സ്വര്‍ഗ്ഗമായി മാറുമെന്നാണ് അദ്ദേഹം പറയുന്നത്.

പാതയോരങ്ങളില്‍ പുന്തോട്ടങ്ങള്‍ സജ്ജമാകുന്നതോടെ മാലിന്യനിക്ഷേപം ഗണ്യമായി കുറയും. സന്ദര്‍ശകരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പദ്ധതി ഗുണം ചെയ്യും. ഇന്നലെ മൂന്നാറിലെ വിവിധ റിസോട്ടുടമകള്‍, സംഘടനകള്‍, എന്‍ ജി ഒകള്‍ എന്നിവയോട് ആശയങ്ങള്‍ ആരായുകയും യോഗത്തില്‍ ദേവികുളം എം എല്‍ എ.എസ് രാജേന്ദ്രന്‍, സബ് കളക്ടര്‍ രേണുരാജ്, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കറുപ്പസ്വാമി എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു.  എം എല്‍ എയുടെ നേത്യത്വത്തില്‍ കൂടിയ യോഗത്തിന് വന്‍ പിന്തുണയാണ് ലഭിച്ചത്.

Follow Us:
Download App:
  • android
  • ios