ഇടുക്കി: കാലവര്‍ഷത്തില്‍ തകര്‍ന്ന പെട്ടിമുടി-ഇടമലക്കുടി റോഡ് സഞ്ചാരയോഗ്യമാക്കാന്‍ വനംവകുപ്പ് അലസത കാട്ടുകയാണെന്നും പ്രശ്‌നത്തില്‍ വകുപ്പ് മന്ത്രി ഇടപെടണമെന്നും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. പെട്ടിമുടി ദുരന്തത്തോട് അനുബന്ധിച്ച് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ റോഡിന്റെ പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഞാന്‍ മേഖലകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ പണികള്‍ ആരംഭിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. റോഡിന്റെ ശോചനീയാവസ്ഥമൂലം സര്‍ക്കാര്‍ അനുവദിച്ച ഓണക്കിറ്റുകള്‍ പോലും കുടികളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

'മൂന്നാറിലെ റേഷന്‍ കടകളില്‍ വ്യാപക അഴിമതിയാണ് നടക്കുന്നത്. പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സൗജന്യ അരി ചില കടയുടമകള്‍ മറിച്ചുവില്‍ക്കുകയാണ്. ഇത്തരം കച്ചവടക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. പ്രശ്‌നം പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ഭൂമിപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷി യോഗത്തിന്റെ നേതൃത്വത്തില്‍ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ റവന്യുവകുപ്പ് അട്ടിമറിക്കുകയാണ്. ലൈഫ് പദ്ധതിയുടെ ഭാഗമായി വീടിന്റെ വിസ്തീര്‍ണ്ണം വര്‍ധിപ്പിക്കാതെയാണ് പണികള്‍ നടത്തുന്നത്. പട്ടയവിതരണത്തിനുള്ള നടപടികളും ആരംഭിച്ചിരുന്നു. കോടതിയും സാധാരണക്കാരന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ ഇത്തരം നടപടികള്‍ അട്ടിമറിക്കുകയാണ്. 

പെട്ടിമുടി ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട മൂന്നാറിലെ സാഹസികപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി റെസ്‌ക്യൂ ടീം ആരംഭിക്കും. ടീമിന് ആവശ്യമായ ഉപകരണങ്ങള്‍ മൂന്നാര്‍ പഞ്ചായത്തുമായി സഹകരിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പെരിയവാരൈ പാലത്തിന്റെ നിര്‍മ്മാണങ്ങള്‍ സെപ്ടബറില്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കും' എന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്തെ പ്രതിരോധിക്കാന്‍ വിപുലമായ പദ്ധതികളുമായി മൂന്നാര്‍ ലയണ്‍സ് ക്ലബ്