Asianet News MalayalamAsianet News Malayalam

ഇടമലക്കുടിയില്‍ ആദിവാസികള്‍ക്കായുള്ള ഭവന നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിട്ട് ഏഴുവര്‍ഷം

സംഭവം വിവാദമായതോടെ സര്‍ക്കാരിന്റെ നേത്യത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി പദ്ധതി വീണ്ടും ആരംഭിച്ചെങ്കിലും പല വീടുകളുടെയും നിര്‍മ്മാണം പാതിയില്‍ നിലച്ചു.

Edamalakudy special package home project
Author
Idukki, First Published Nov 6, 2020, 8:37 AM IST

ഇടുക്കി: ഇടമലക്കുടിയില്‍ ആദിവാസി വിഭാഗത്തിനായുള്ള ഭവന നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിട്ട് ഏഴുവര്‍ഷം പിന്നിടുന്നു. മൂന്ന് കോടിയോളം ചിലവഴിച്ച് ഇടമലക്കുടി സ്‌പെഷ്യല്‍ പാക്കേജിന്റെ ഭാഗമായുള്ള പദ്ധതിയാണ് ഏഴുവര്‍ഷം പിന്നിടുമ്പോഴും പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ തയ്യറാകാത്തത്. ആദിവാസി പുനരധിവാസത്തെപ്പറ്റി സര്‍ക്കാര്‍ നിരന്തരം പറയുമെങ്കിലും ആരും തങ്ങളുടെ കുടിലിലേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന് ഇടമലക്കുടിയിലെ നന്ദകുമാര്‍ പറയുന്നു.

2013 ല്‍ ഇടമലക്കുടി സ്‌പെഷ്യല്‍ പാക്കേജിന്റെ ഭാഗമായി ഇടതുമുന്നണി സര്‍ക്കാര്‍ 10.32 കോടി രൂപയാണ് ഭവന നിര്‍മ്മാണത്തിനായി അനുവദിച്ചത്. ആദിവാസികള്‍ക്കുള്ള വീട്, വെള്ളം, ഗതാഗത സൗകര്യം, വൈദ്യുതി തുടങ്ങിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിച്ചു. എന്നാല്‍ നിര്‍മ്മാണം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടതോടെ കരാറുകാരന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തി. 

വീട് നിര്‍മ്മാണത്തിന് ആവശ്യമായ കെട്ടിടസാമഗ്രികള്‍ കുടികളില്‍ എത്തിക്കുന്നതിന് ഗാതാഗത സൗകര്യം ഇല്ലാത്തതായിരുന്നു പ്രശ്‌നം. സംഭവം വിവാദമായതോടെ സര്‍ക്കാരിന്റെ നേത്യത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി പദ്ധതി വീണ്ടും ആരംഭിച്ചെങ്കിലും പല വീടുകളുടെയും നിര്‍മ്മാണം പാതിയില്‍ നിലച്ച നിലയിലാണ്. മറ്റ് പദ്ധതികളായ വെള്ളം, റോഡ്, വൈദ്യുതി എന്നിവയും എങ്ങുമെത്തിയില്ല.

മൂന്നുകോടിയിലധികം തുക പദ്ധതിയുടെ ഭാഗമായി ചിലവഴിച്ചതായാണ് കുടിനിവാസികള്‍ പറയുന്നത്. മുക്കാല്‍ ഭാഗത്തോളം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ക്ക് മേല്‍ക്കൂരകൂടി നിര്‍മ്മിച്ചുനല്‍കിയാല്‍ മഴ നനയാതെ കിടന്നുറങ്ങാന്‍ കഴിയുമായിരുന്നെന്ന് നന്ദകുമാര്‍ പറയുന്നു. തെരഞ്ഞെടുപ്പിന് മാത്രം കുടിയിലെത്തുന്ന രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ വീടിന്‍റെ പ്രശ്‌നമെങ്കിലും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നാണ് ഇടമലക്കുടിക്കാര്‍ പറയുന്നത്.

Follow Us:
Download App:
  • android
  • ios