കർണാടകയിലെ ദിണ്ടി​ഗൽ സ്വദേശിയായ രം​ഗരാജനെ ​ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് യാത്രക്കാരൻ തെറിച്ചു വീണു. കർണാടകയിലെ ദിണ്ടി​ഗൽ സ്വദേശിയായ രം​ഗരാജനെ ​ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്ന് തലശ്ശേരിയിലേക്ക് വന്ന ബസിൽ നിന്നാണ് ഇയാൾ റോഡിലേക്ക് തെറിച്ചുവീണത്. അപകടം സംഭവിച്ചിട്ടും നിർത്താതെ പോയ ബസ് നാട്ടുകാർ തട‍ഞ്ഞുവെയ്ക്കുകയായിരുന്നു. മട്ടന്നൂർ തെരുവമ്പായി പാലത്തിന് സമീപം ഇന്ന് രാവിലെയാണ് മൈസൂരുവിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്ന സ്വകാര്യ ബസിൽ നിന്ന് ദിണ്ടി​ഗൽ സ്വദേശി തെറിച്ചുവീണത്.

എന്നാൽ അപകടമുണ്ടായിട്ടും ‌യാത്രക്കാരനെ സഹായിക്കാനോ രക്ഷപ്പെടുത്താനോ ഉള്ള ശ്രമം ബസ് ജീവനക്കാരുടെ ഭാ​ഗത്തു നിന്നും ഉണ്ടായില്ല. സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയാനായിരുന്നു ഇവരുടെ ശ്രമം. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് ബസ് തടഞ്ഞുനിർത്തി, പരിക്കേറ്റ രം​ഗരാജനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേ സമയം ഇയാൾ എങ്ങനെയാണ് ബസിനുള്ളിൽ നിന്നും തെറിച്ചുവീണത് എന്ന കാര്യത്തിൽ വ്യക്തതയില്ല. മുഖത്തും കൈകൾക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസ് നാട്ടുകാർ പൊലീസിൽ ഏൽപിച്ചിരിക്കുകയാണ്.