ഒരുമിച്ച് താമസിച്ച സഹോദരങ്ങൾ രണ്ട് ദിവസത്തിന്റെ വ്യത്യാസത്തിൽ നിര്യാതരായി, ചിതയൊരുക്കിയതും അടുത്തടുത്ത്
സഹോദരൻ മരിച്ചതിന്റെ മനോവിഷമത്തിലായിരുന്ന വിജയമ്മക്ക് വ്യാഴാഴ്ച രാത്രി പത്തരയോടെ ഹൃദയാഘാതമുണ്ടായി.

ഹരിപ്പാട്: ഒരുമിച്ച് താമസിച്ചിരുന്ന സഹോദരനും സഹോദരിയും ദിവസങ്ങൾക്കുള്ളിൽ മരിച്ചു. മുതുകുളം തെക്ക് കുരണ്ടിപ്പള്ളിൽ ആർ. വിജയപ്പണിക്കർ (82) മരിച്ചതിന്റെ രണ്ടാം നാളിലാണ് ഇളയ സഹോദരി ടി. വിജയമ്മ(80) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലമാണ് വിജയപ്പണിക്കർ മരിച്ചത്. അവിവാഹിതയായ വിജയമ്മ വിജയപണിക്കരോടൊപ്പമാണ് താമസിച്ചിരുന്നത്.
സഹോദരൻ മരിച്ചതിന്റെ മനോവിഷമത്തിലായിരുന്ന വിജയമ്മക്ക് വ്യാഴാഴ്ച രാത്രി പത്തരയോടെ ഹൃദയാഘാതമുണ്ടായി. തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരന്റെ ചിതക്കരകിൽ തന്നെ സഹോദരിയുടെയും സംസ്‌കാരം നടത്തി. ഇരുവരുടെയും സഞ്ചയനം ചൊവ്വാഴ്ച എട്ടിന് നടക്കും. മറ്റു സഹോദരങ്ങൾ: ടി. വിമല. പരേതനായ ആർ. രാജേന്ദ്രപ്രസാദ്.