86 വയസുള്ള തങ്കമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കല്ലേലി ഭാഗം സ്വദേശി മോഹൻകുമാർ ആണ് മൂന്ന് വർഷത്തിന് ശേഷം കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. 86 വയസുള്ള തങ്കമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കല്ലേലി ഭാഗം സ്വദേശി മോഹൻകുമാർ ആണ് മൂന്ന് വർഷത്തിന് ശേഷം കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. 2022 ഓഗസ്റ്റ് 25നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. തങ്കമ്മയും പ്രതിയും ഒരുമിച്ചായിരുന്നു വീട്ടിൽ താമസം. അവശനിലയിൽ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച തങ്കമ്മ ചികിത്സയിലിരിക്കെ മരണപ്പെട്ടു. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ മകൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു.
പ്രതി അമ്മയെ ഇരുചകിട്ടത്ത് അടിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവശനിലയിലായ തങ്കമ്മയെ കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടുത്തദിവസം മരണപ്പെടുകയുമായിരുന്നു. തുടർന്ന് തങ്കമ്മയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയും തുടർനടപടികൾ സ്വീകരിച്ചു വരികയും ചെയ്തിരുന്നു. സംഭവം നടന്ന് മൂന്ന് വർഷത്തിനു ശേഷം ആണ് വിമുക്ത ഭടനായ മോഹൻ കുമാർ അറസ്റ്റിലാകുന്നത്. മരിക്കുന്നതിന് മുമ്പ് ആശുപത്രിയിലെ വനിതാ ഡോക്ടറോട് തങ്കമ്മ നടത്തിയതെന്ന നിലയിൽ ലഭിച്ച വീഡിയോ ദ്യശ്യമാണ് കൊലപാതക കേസിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. ഈ ദൃശ്യം ശരിയാം വണ്ണം മനസിലാക്കാൻ കഴിയാത്തതിനാൽ സാങ്കേതിക പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയായിരുന്നു പൊലീസ്.
വ്യക്തതയില്ലാത്ത സംഭാഷണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മകനാണ് മർദ്ദിച്ചതെന്ന് സ്ഥിരീകരിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എസിപി ചാർജ് വഹിക്കുന്ന കൊല്ലം എസിപി ഷെരീഫിൻ്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജു വി, എസ് ഐ മാരായ ഷമീർ ,ആഷിഖ്, വേണുഗോപാൽ എസ് സി പി ഓ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
