മലയാലപ്പുഴ തേവള്ളിൽ കാണാതായ വയോധികയെ മീൻമുട്ടിക്കൽ വെള്ളച്ചാട്ടത്തിന് സമീപം കണ്ടെത്തി. 

പത്തനംതിട്ട: മലയാലപ്പുഴ തേവള്ളിൽ കൊല്ലംപറമ്പിൽ കാണാതായ വയോധികയെ കണ്ടെത്തി. നല്ലൂർ തേവള്ളിൽ കൊല്ലംപറമ്പിൽ ഗോപാലകൃഷ്ണൻ്റെ ഭാര്യ സരസ്വതി (77)യെ ആണ് മീൻമുട്ടിക്കൽ വെള്ളച്ചാട്ടത്തിന് സമീപം കണ്ടെത്തിയത്. ജുലൈ എട്ടിനാണ് സരസ്വതി അമ്മയെ കാണാതായത്. തുടർന്ന് മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു.

എസ്എച്ചഒ ശ്രീജിത്തിൻ്റെ മേൽനോട്ടത്തിൽ സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പോലീസ് വ്യാപക അന്വേഷണം നടത്തി. തുടർന്ന് അതേ ദിവസം വൈകിട്ട് 6.30 മണിയോടെ വടക്കുപുറം മീൻമുട്ടിക്കൽ വെള്ളച്ചാട്ടത്തിന് സമീപം സരസ്വതി അമ്മയെ കണ്ടെത്തുകയായിരുന്നു.

നടക്കാൻ ബുദ്ധിമുട്ടുകയും അവശനിലയിലാവുകയും ചെയ്ത സരസ്വതി അമ്മയെ എസ്എച്ച്ഒ ശ്രീജിത്ത് തോളിലേറ്റി റോഡിലെത്തിക്കുകയും, അവിടെ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം മകൻ ബിജുവിനൊപ്പം അവരെ വീട്ടിലേക്ക് അയച്ചു.