ഇടുക്കി: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡ് തലത്തില്‍ മത്സരിച്ച തനിയ്ക്കു വേണ്ടി രാവും പകലുമില്ലാതെ അധ്വാനിക്കുവാനുണ്ടായിരുന്ന പ്രിയ അച്ഛന്‍ ഇന്നില്ല. അന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തനിക്കുവേണ്ടി നിതാന്തം പ്രയത്‌നിച്ച അച്ഛൻ രണ്ടു വര്‍ഷം മുമ്പാണ് മരിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് സ്വപ്‌നം കണ്ടിരുന്ന അച്ചന്റെ ആഗ്രഹം സഫലമായില്ലെങ്കിലും ഇത്തവണ അച്ഛന്റെ അനുഗ്രഹത്തോടെ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ബാനറില്‍ ജില്ലാ പഞ്ചായത്ത് മൂന്നാര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രഭാവതി. 

അച്ഛന്റെ പെരുമ നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാം. എ.പി.കെ സാമിയെ അറിയാത്ത നാട്ടുകാരില്ല. ആ ഒരു മേല്‍വിലാസം തനിയ്ക്ക് വിജയമെത്തിക്കുമെന്നും പ്രഭാവതി കരുതുന്നു. അത്രയേറെ അറിയപ്പെട്ടിരുന്ന തോട്ടം മേഖലയിലെ ചിത്രകാരനായിരുന്നു സാമി. ഫ്ളക്‌സും വിനിലും പോലുള്ള ആധുനിക പ്രിന്റിംഗ് സങ്കേതങ്ങള്‍ വരുന്നതിനു മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി ഉറക്കമിളച്ചു വരച്ചിരുന്ന ആര്‍ട്ടിസ്റ്റ് സാമിയെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. 

ചെറുപ്പം മുതല്‍ തന്നെ ചിത്രരചനയോട് അടുപ്പം പുലര്‍ത്തിയ സാമിയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്കും തെരഞ്ഞെടുപ്പിനുമെല്ലാം നിറങ്ങള്‍ ചാലിച്ചിരുന്നത്. ആറു പതിറ്റാണ്ടലധികം ഈ രംഗത്ത് തുടര്‍ന്ന സാമി ഇടതെന്നോ വലതെന്നോ നോക്കാതെ എത്രയേറെ വരച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് കാലം അടുത്താല്‍ പിന്നെ സാമിയുടെ ജീവിതം പാര്‍ട്ടി ഓഫീസുകളിലായിരുന്നു. സാമിയുടെ ചിത്രങ്ങളും എഴുത്തുകളും ഇല്ലാത്ത ചുമരുകള്‍ മൂന്നാറില്‍ ഇല്ലായിരുന്നു.