സാധനം നന്നാക്കാനെന്ന വ്യാജേനയാണ് ഉച്ചയോടെ മൂന്ന് പേർ കടയിലെത്തിയത്. തുടർന്ന് മുരളിയെ വലിച്ചിറക്കി ഇരുമ്പ് കമ്പിയും, ചുറ്റികയും കൊണ്ട് തലങ്ങും വിലങ്ങും അക്രമിക്കുകയായിരുന്നു.
വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ വ്യാപാരിയെ ഒരു സംഘം കടയിൽ കയറി ആക്രമിച്ചു. കിഴക്കഞ്ചേരി സ്വദേശി മുരളിയെയാണ് മർദിച്ചത്. സംഭവത്തിൽ മുരളിയുടെ ഭാര്യാ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫാൻ, മിക്സി തുടങ്ങി വീട്ടുപകരണങ്ങൾ നന്നാക്കുന്ന കടയാണ് മുരളിക്ക്. സാധനം നന്നാക്കാനെന്ന വ്യാജേനയാണ് ഉച്ചയോടെ മൂന്ന് പേർ കടയിലെത്തിയത്. തുടർന്ന് മുരളിയെ വലിച്ചിറക്കി ഇരുമ്പ് കമ്പിയും, ചുറ്റികയും കൊണ്ട് തലങ്ങും വിലങ്ങും അക്രമിക്കുകയായിരുന്നു.
ശരീരമാസകലം മുറിവേറ്റ മുരളിയെ നാട്ടുകാർ ഓടിയെത്തി ആശുപത്രിയിലാക്കുകയായിരുന്നു. ഇതോടെ അക്രമികൾ ഓടിരക്ഷപ്പെട്ടു. മർദിച്ചവരെ അറിയില്ലെന്നാണ് മുരളിയുടെ മൊഴി. മുരളിയും ഭാര്യയും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടെന്നും ഇതിന്‍റെ തുടർച്ചയാണ് ആക്രമണമെന്നും മുരളി പൊലീസിനോട് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഭാര്യ സഹോദരനെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കടയിലെത്തി മർദിച്ചവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.


