ബില്ലിങ് കാലയളവുകൾക്കപ്പുറം റീഡിങ് എടുക്കാൻ സാധിക്കാതിരുന്നാൽ നോട്ടീസ് നൽകുകയും പരിഹാരമായില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നും കെഎസ്ഇബി.

തിരുവന്തപുരം: ബില്ലിങ് കാലയളവുകൾക്കപ്പുറം റീഡിങ് എടുക്കാൻ സാധിക്കാതിരുന്നാൽ നോട്ടീസ് നൽകുകയും പരിഹാരമായില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നും കെഎസ്ഇബി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ വ്യവസ്ഥ - 111 പ്രകാരം രണ്ട് ബില്ലിംഗ് കാലയളവുകള്‍‍ക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കണമെന്നും പരിഹാരമായില്ലായെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് അറിയിപ്പ്.

ദീര്‍ഘ കാലത്തേക്ക് വീട്/ സ്ഥാപനം പൂട്ടിപോകുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ഒഴിവാക്കുന്നതിനുള്ള സൗകര്യം ഇപ്പോള്‍തന്നെ നിലവിലുണ്ട്. വിവരം അറിയിക്കുന്ന പക്ഷം പ്രത്യേക റീഡിംഗ് എടുക്കുന്നതിനും ആവശ്യമായ തുക മുന്‍‍കൂറായി അടക്കുന്നതിനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്. എല്ലാ വൈദ്യുതി ഉപഭോക്താക്കളും റീഡിംങ് എടുക്കാന്‍ സൌകര്യപ്രദമായ രീതിയില്‍ എനർജി മീറ്ററുകള്‍‍ സ്ഥാപിക്കേണ്ടതാണ്. യഥാസമയം മീറ്റര്‍ റീഡിംഗ് ലഭ്യമാക്കുന്നതിനും ചട്ടപ്രകാരമുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുള്‍‍പ്പടെയുള്ള നടപടികള്‍ ഒഴിവാക്കുന്നതിനും ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു.

Read more: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയുടെ അപേക്ഷാ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത തുടരണം

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏതാണ്ട് 7 ദിവസം വരെ ആവശ്യമാണ്.

അതിനാല്‍ വീട്ടിലെ അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവാക്കിയാല്‍ കൂത്താടികള്‍ കൊതുകുകളായി പരിണമിക്കുന്നത് തടയാനാകും. ചില ഫ്രിഡ്ജുകളുടെ പിന്‍ഭാഗത്ത് കെട്ടിനില്‍ക്കുന്ന വെള്ളം, ടയറുകള്‍ക്കുള്ളിലും മറ്റും കെട്ടി നില്‍ക്കുന്ന വെള്ളം തുടങ്ങി നാം പ്രതീക്ഷിക്കാത്തതോ പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്തതോ ആയ ഇടങ്ങളിലും കൂത്താടികള്‍ ഉണ്ടാവാം. ഡെങ്കിപ്പനി വ്യാപനം ഒഴിവാക്കുന്നതിന് വരുന്ന ആഴ്ചകളിലും ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.