കല്‍പ്പറ്റ: മുത്തങ്ങ ആനപന്തിയില്‍ കൊമ്പന്‍ ചരിഞ്ഞു. ആറളത്ത് നിന്ന് കൊണ്ടുവന്ന ശിവ എന്ന് പേരുളള കൊമ്പനാണ് ചികിത്സയിലിരിക്കെ ചരിഞ്ഞത്. ഒന്നരമാസം മുമ്പ് ആനയുടെ ഇടതുകാലിന് നീര് വെച്ചിരുന്നു. ചികിത്സ നല്‍കിയെങ്കിലും കാലില്‍ മൊത്തത്തില്‍ നീര് വെച്ച് പഴുപ്പ് വരികയായിരുന്നു.

കാലിലേക്കുള്ള രക്തയോട്ടവും നിലച്ചിരുന്നുവെന്ന് ആനയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ അറിയിച്ചു. ഇന്ന് രാവിലെ കൂട്ടില്‍ വീണ ആന പിന്നീട് എഴുന്നേറ്റില്ല. പന്ത്രണ്ടരയോടെയാണ് ചരിഞ്ഞത്. 25 വയസുള്ള കൊമ്പനെ രണ്ട് വര്‍ഷം മുമ്പാണ് മുത്തങ്ങ പന്തിയിലെത്തിച്ചത്. കല്ലൂര്‍, വടക്കനാട് കൊമ്പന്‍മാരടക്കം നിരവധി ആനകളെ പന്തിയില്‍ സംരക്ഷിച്ചു വരുന്നുണ്ട്.