കൊമ്പനാനകള്‍ തമ്മിലുള്ള പോര്‍വിളി മുറുകിയതോടെ കുടുംബങ്ങള്‍ ഭീതിയിലായി. രാത്രി ഒരു മണിയോടെ എത്തിയ കൊമ്പന്‍മാര്‍ പുലര്‍ച്ചെയാണ് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മൂന്നാര്‍: മൂന്നാര്‍ (Munnar) നല്ലതണ്ണി എസ്റ്റേറ്റിലെ കുറുമല ഡിവിഷനില്‍ ഗണേശന്‍, ചില്ലി കൊമ്പന്‍ എന്നിങ്ങനെ വിളിപ്പേരുള്ള കാട്ടുകൊമ്പന്‍മാര്‍ (Wild elephant fight) ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ എത്തിയ കൊമ്പന്‍മാര്‍ പോരടിച്ച ശേഷം പുലര്‍ച്ചെയാണ് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കലികയറിയ കാട്ടാനകള്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും പാലത്തിന്റെ കൈവരികളും തേയിലച്ചെടികളും തകര്‍ത്തു. മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ആക്രമണം തുടര്‍ക്കഥയാവുകയാണ്. കൊമ്പനാനകള്‍ തമ്മിലുള്ള പോര്‍വിളി മുറുകിയതോടെ കുടുംബങ്ങള്‍ ഭീതിയിലായി. രാത്രി ഒരു മണിയോടെ എത്തിയ കൊമ്പന്‍മാര്‍ പുലര്‍ച്ചെയാണ് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.കലിയിളകിയ കാട്ടാനകള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പ്രവീണ്‍ കുമാറെന്ന കിഡ്നി രോഗിയുടെ ഓട്ടോറിക്ഷ ഭാഗീകമായി തകര്‍ത്തു.സമീപത്തെ പാലത്തിന്റെ കൈവിരികള്‍ക്ക് കേടുപാടുകള്‍ വരുത്തിയ കാട്ടാനകള്‍ തേയിലച്ചെടികളും നശിപ്പിച്ചു.
കാട്ടാന ശല്യം ഏറിവരികയാണെന്നും വനംവകുപ്പിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്നും വാര്‍ഡംഗവും മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പ്രവീണ രവികുമാര്‍ പറഞ്ഞു. കൊമ്പന്‍മാര്‍ പരസ്പരം ആക്രമിക്കുന്നതിനിടെ പരിക്കേറ്റതായി സംശയമുണ്ട്. പരിക്കേറ്റ ആനയെ കണ്ടെത്താന്‍ വനപാലകര്‍ ശ്രമമാരംഭിച്ചു.വേനല്‍ കനക്കുന്നതോടെ കാട്ടാന ശല്യം രൂക്ഷമാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
തമിഴ്‌നാട്ടില്‍ നിന്ന് മൂന്നാറിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് ഒറ്റയാന്‍ ആക്രമിച്ചു
മൂന്നാര്‍: തമിഴ്‌നാട്ടില്‍ നിന്ന് മൂന്നാറിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് ഒറ്റയാന്‍ തകര്‍ത്തു. തേനിയില്‍ നിന്നും പുറപ്പെട്ട ബസ് തോണ്ടി മലയില്‍ എത്തിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ശനിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിക്ക് തേനിയില്‍ നിന്നും പുറപ്പെട്ട ബസ് രണ്ടേകാലിന് തോണ്ടിമലയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
കാട്ടില്‍ നിന്നും റോഡിലേക്ക് കയറിയ ആന ബസ് കടത്തിവിടാതെ കുറുകെ നിന്നു. സാധാരണ ആനകള്‍ വഴിയില്‍ ഉണ്ടാകാറുണ്ടെങ്കിലും ബസുകളെ ആക്രമിക്കാറില്ല. എന്നാല്‍ ബസിന് മുന്നില്‍ എത്തിയ ആന പെട്ടെന്ന് പ്രകോപിതനായതോടെ ബസ് ജീവനക്കാരും അമ്പതോളം യാത്രക്കാരും ഭയന്നു.
ബസിന്റെ മുന്നിലെ ഗ്രില്ലില്‍ ആന കൊമ്പ് കൊണ്ട് തട്ടിയതോടെ യാത്രക്കാര്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെ ആന കൂടുതല്‍ അക്രമകാരിയായി. തലയുയര്‍ത്തി ഇടത് വശത്തെ ചില്ല് കൊമ്പ് കൊണ്ട് കുത്തിതകര്‍ത്തു. അരമണിക്കൂറോളം അവിടെ തന്നെ നിലയുറപ്പിച്ച ആന സ്വയം പിന്തിരിഞ്ഞതോടെയാണ് യാത്ര തുടര്‍ന്നത്.
ഡ്രൈവര്‍ സതീഷ് കുമാറിന്റേയും കണ്ടക്ടര്‍ ദേവേന്ദ്രന്‍ ഗോപാലന്റേയും മനസ്സാന്നിധ്യമാണ് തുണയായതെന്ന് യാത്രക്കാര്‍ പറഞ്ഞു. തന്റെ 23 വര്‍ഷത്തെ മൂന്നാറിലെ സര്‍വീസിനിടയില്‍ ആദ്യമായാണ് ആന ബസിനെ ആക്രമിക്കുന്നതെന്ന് മൂന്നാര്‍ ഡിപ്പോ ഇന്‍ ചാര്‍ജ് സേവി ജോര്‍ജ് പറഞ്ഞു. എണ്ണായിരം രൂപയുടെ നഷ്ടം ഉണ്ടായതായും അദ്ദേഹം പറഞ്ഞു
