കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഉടമ വി മാധവമേനോൻ 1981 ജൂൺ പത്തിനാണ് ആനയെ നടയ്ക്കിരുത്തിയത്.  

തൃശ്ശൂര്‍: ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചരിഞ്ഞു. 46 വയസായിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ പുന്നത്തൂർ കോട്ടയിലാണ് മാധവൻ കുട്ടി ചെരിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസമായി നീരിൽ ആയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്ന കൊമ്പനെ ഈ മാസം ആറിനാണ് നീരിൽ നിന്നും അഴിച്ചത്.

തുടർന്ന് എരണ്ടക്കെട്ടും വന്ന് ചികിത്സയിലിരിക്കെയാണ് ആനക്ക് ജീവൻ നഷ്ടമായത്. കുറച്ച് ദിവസങ്ങളായി അന വെള്ളം കുടിക്കാനും കൂട്ടാക്കുന്നുണ്ടായിരുന്നില്ല. ജൂനിയർ കൊമ്പൻ ചരിഞ്ഞതോടെ പൂന്നത്തൂർ കോട്ടയിലെ ആനകളുടെ എണ്ണം 41 എണ്ണമായി കുറഞ്ഞു. കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഉടമ വി മാധവമേനോൻ 1981 ജൂൺ പത്തിനാണ് ആനയെ നടയ്ക്കിരുത്തിയത്. മാധവൻകുട്ടി എന്നപേരിൽ മറ്റൊരു കൊമ്പൻകൂടി അന്ന് ദേവസ്വത്തിൻറെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നതിനാൽ ആനക്ക് ജൂനിയർ മാധവൻ കുട്ടി എന്ന് പേരിടുകയായിരുന്നു. 

നിരവധി പരിപാടികളിൽ നിറ സാന്നിധ്യമായിരുന്നു ജൂനിയര്‍ മാധവൻ കുട്ടി. തൃശൂർ പൂരം, നെന്മാറ വലങ്ങി വേല, കൂടൽമാണിക്യം ഉത്സവം, തുടങ്ങി എല്ലാ പ്രധാന പരിപാടികളിലും ജൂനിയര്‍ മാധവന്‍കുട്ടി തലയെടുപ്പോടെ എത്തിയിരുന്നു. രാവിലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാധവന്‍കുട്ടിയെ കോടനാട് എത്തിച്ച് സംസ്കരിക്കും. 

Read More : Viral Video: പെട്രോള്‍ വില്‍ക്കാന്‍ എ പി ധില്ലന്‍റെ റാപ്പ് സംഗീതവും; വൈറലായി ഒരു പെട്രോള്‍ പമ്പ്

അതിനിടെ മൂന്നാറിലെ ജനവാസമേഖലയിൽ ആക്രമണം നടത്തുന്ന അരിക്കൊമ്പന് കൂടൊരുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു.
എറണാകുളം കോടനാടുള്ള കപ്രിക്കാട് അഭയാരണ്യത്തിലാണ് അരിക്കൊന്പനെ പിടികൂടിയാൽ പാർപ്പിക്കാനുള്ള കൂട് നിർമ്മിക്കുന്നത്. ഇതിനായി 29 യൂക്കാലി തടികൾ ചിന്നക്കനാലിൽ നിന്ന് ഇവിടെ എത്തിച്ചിട്ടുണ്ട്. കൂട്‌ നിർമിച്ചശേഷമായിരിക്കും അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി ലോറിയിൽ ഇവിടെ എത്തിക്കുക. കൂടൊരുക്കുന്നതിനായി 129 കഴകളാണ് ഇറക്കിയത്. അരിക്കൊമ്പനെ മെരുക്കാൻ രണ്ട് പാപ്പാന്മാരെ നിയോഗിക്കും. ഇവർക്ക് താമസിക്കാൻ കുടിലും ഒരുക്കും.