ഇടുക്കി: വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ പറ്റിച്ച് പ്രതി ഒളിവില്‍ പോയി. ചിന്നക്കനാല്‍ 301 കോലിയിലാണ് കഴിഞ്ഞ ദിവസം പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത്. സംഭവത്തില്‍ സമീപവാസി ജ്യോത്സനഭവന്‍ ബെന്നി (50)നെതിരെ വൈല്‍ഡ് ലൈഫ് ആക്റ്റ് പ്രകാരം വനംവകുപ്പ് കേസെടുത്തു.

എന്നാല്‍ പ്രതിയെ തേടി  ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയെങ്കിലും ബെന്നി വിഷക്കുപ്പി എടുത്ത് കാണിച്ച് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിച്ചുവിട്ട് അവിടെ നിന്നും രക്ഷപ്പെട്ട് ഒളിവില്‍ പോകുകയായിരുന്നു. 

കഴിഞ്ഞ 27 ന് രാവിലെയാണ് 60 വയസ്സ് പ്രായമുള്ള പിടിയാനയുടെ ജഡം കോളനിയില്‍ കൃഷിയിടത്തോട് ചേര്‍ന്നുള്ള പുല്‍മേട്ടില്‍ കാണപ്പെട്ടത്. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് വനം വകുപ്പ് വെറ്റിനറി സര്‍ജ്ജന്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. വനപാലകര്‍ നടത്തിയ തിരച്ചിലില്‍ സമീപവാസിയായ ബെന്നിയുടെ കൃഷിയിടത്തിന് ചുറ്റിലും വൈദ്യുത വേലി കണ്ടെത്തി. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുക്കുവാന്‍ വനംവകുപ്പ് എത്തിയത്. എന്നാല്‍ ഇവരെപറ്റിച്ച് ഇയാള്‍ ഒളില്‍ പോകുകയായിരുന്നു.