2013 സെപ്റ്റംബര്‍ 6, തേലക്കാട്ടുകാര്‍ മാത്രമല്ല, കേരളം നടുങ്ങിയ ദിവസം; 15 പേരുടെ ജീവനെടുത്ത ബസ് അപകടം
ഉച്ചക്ക് ഒന്നേമുക്കാലിനാണ് ബസ് റോഡരികിലെ മാവില്‍ ഇടിച്ച് ഫ്രണ്ട്സ് എന്ന മിനി ബസ് നെടുകെ പിളര്‍ന്നത്.
മലപ്പുറം:നാടിനെ നടുക്കിയ മലപ്പുറം തേലക്കാട് ബസപകടം നടന്നിട്ട് ഇന്ന് പതിനൊന്ന് വര്‍ഷം. ഫ്രണ്ട്സ് എന്ന മിനി ബസ് മരത്തിലിടിച്ച് ഏഴ് വിദ്യാര്‍ത്ഥിനികളടക്കം പതിഞ്ച് പേരാണ് അന്ന് അപകടത്തില്‍ മരിച്ചത്. 2013 സെപ്റ്റംബര്‍ 6 ആറിനാണ് ആ ദുരന്തമുണ്ടായത്. അന്ന് മലപ്പുറത്തെ തേലക്കാട്ടുകാര്‍ മാത്രമായിരുന്നില്ല, സംസ്ഥാനം തന്നെ ഞെട്ടിയ ദിവസമായിരുന്നു. മിനി ബസ് മരത്തിലിടിച്ച് പതിഞ്ച് പേര്‍ക്കാണ് ജീവൻ നഷ്ടമായത്.
ഉച്ചക്ക് ഒന്നേമുക്കാലിനാണ് ബസ് റോഡരികിലെ മാവില്‍ ഇടിച്ച് ബസ് നെടുകെ പിളര്‍ന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ 13 പേര്‍ മരിച്ചു. രണ്ടു പേര്‍ ചികിത്സയിലിക്കെയും മരണത്തിന് കീഴടങ്ങി. അപകടമറിഞ്ഞ് സ്ഥലത്ത് ആദ്യം ഓടിയെത്തിയ പഞ്ചായത്ത് അംഗം മുസ്തഫക്ക് ഇന്നും അത് മറക്കാനാവാത്ത കാഴ്ച്ചയാണ്. പതിന്നൊന്ന് വര്‍ഷത്തിനിപ്പുറം ഇപ്പോള്‍ വെട്ടത്തൂര്‍ ഗ്രമ പഞ്ചായത്ത് പ്രസിഡണ്ടാണ് അദ്ദേഹം.
അപകടത്തില്‍ പെട്ട ബസിന് ഇൻഷ്വറൻസ് പരിരക്ഷയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അപകട സമസയത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമല്ലാതെ മരിച്ചവരുടെ വീട്ടുകാര്‍ക്ക് ഇൻഷ്വറൻസ് ആനകൂല്യങ്ങളടക്കം മറ്റൊരു സഹായവും കിട്ടിയില്ല. മുന്നറിയിപ്പ് ബോര്‍ഡുകളും വേഗത നിയന്ത്രണവും അടക്കം ഗതാഗത വകുപ്പ് അപകട സമയത്ത് നിരവധി കാര്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അതൊന്നും ഇവിടെ പാലിച്ചില്ല.