കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഹരിതകര്‍മ്മസേനയുടെ ലാഭവിഹിതമായി 8,96,000 രൂപ കളമശേരിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.

എറണാകുളം: ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഓണത്തിന് ലഭിക്കുന്നത് ഏഴായിരം രൂപ ബോണസും അന്‍പതിനായിരം രൂപ ലാഭവിഹിതവും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഹരിതകര്‍മ്മസേനയുടെ ലാഭവിഹിതമായ 8,96,000 രൂപയാണ് തുല്യമായി വീതിച്ച് നല്‍കിയത്. 12 പേര്‍ക്ക് അന്‍പതിനായിരം രൂപയും, ബാക്കിയുള്ളവര്‍ക്ക് മുപ്പതിനായിരം രൂപ വരെയും ലാഭവിഹിതം ലഭിക്കും. തുക മന്ത്രി എംബി രാജേഷ് കളമശേരിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. 

ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലെ മാലിന്യ സംസ്‌കരണം കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണം അസാധ്യവും അപ്രായോഗികവുമാണെന്ന് പലരും പറഞ്ഞപ്പോള്‍, എറണാകുളം പോലൊരു നഗരത്തില്‍ അത് സാധ്യമാണെന്ന് തെളിയിച്ച മികവാണ് ഏലൂരിന്റേത്. ഏലൂരിലെ എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന ഇപ്പോള്‍ മാലിന്യം ശേഖരിക്കുന്നു. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന ശമ്പളം നല്‍കാന്‍ ഒരുങ്ങുകയാണ് നഗരസഭയെന്നും മന്ത്രി പറഞ്ഞു. 


മന്ത്രി എംബി രാജേഷിന്റെ കുറിപ്പ്: ''ഇത് കേട്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും അദ്ഭുതപ്പെടും. ഓണത്തിന് ഏഴായിരം രൂപ ബോണസും അന്‍പതിനായിരം രൂപ ലാഭവിഹിതവും. ഏതെങ്കിലും വന്‍കിട കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് കിട്ടുന്ന ആനുകൂല്യമല്ല ഇത്. എറണാകുളം ജില്ലയിലെ ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഈ ഓണക്കാലത്ത് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ആരെയും ഒന്ന് അമ്പരപ്പിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഹരിതകര്‍മ്മസേനയുടെ ലാഭവിഹിതമായി 8,96,000 രൂപ ഇന്ന് കളമശേരിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ആകെ ലാഭത്തിന്റെ 70%മാണിത്. 12 പേര്‍ക്ക് അന്‍പതിനായിരം രൂപയും, ബാക്കിയുള്ളവര്‍ക്ക് മുപ്പതിനായിരം രൂപ വരെയും ലാഭവിഹിതം ലഭിക്കും.''

''ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലെ മാലിന്യ സംസ്‌കരണം കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മാതൃകയാണ്. ഉറവിട മാലിന്യ സംസ്‌കരണം അസാധ്യവും അപ്രായോഗികവുമാണെന്ന് പലരും പറഞ്ഞപ്പോള്‍, എറണാകുളം പോലൊരു നഗരത്തില്‍ അത് സാധ്യമാണെന്ന് തെളിയിച്ച മികവാണ് ഏലൂരിന്റേത്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന് ഏലൂര്‍ തെളിയിച്ചു. ഏലൂരിലെ എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന ഇപ്പോള്‍ മാലിന്യം ശേഖരിക്കുന്നു. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന ശമ്പളം നല്‍കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ നഗരസഭ. നഗരസഭാ ചെയര്‍മാന്‍ എ ഡി സുജിലിനെയും ഭരണസമിതിയേയും അഭിനന്ദിക്കുന്നു. ഈ ഓണക്കാലത്ത് എല്ലാ ഹരിത കര്‍മ്മ സേനാംഗത്തിനും ആയിരം രൂപ ഉത്സവബത്ത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തനതുവരുമാനത്തില്‍ നിന്ന് ഈ തുക നല്‍കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആര്‍ ആര്‍ എഫുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ചരിത്രത്തില്‍ ആദ്യമായി ഇക്കുറി ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. ആയിരം രൂപയാണ് ഈ തൊഴിലാളികള്‍ക്ക് ക്ലീന്‍ കേരളാ കമ്പനി നല്‍കുന്നത്. കേരളത്തിന്റെ ശുചിത്വ സൈന്യമാണ് ഹരിത കര്‍മ്മ സേന, അവരെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.''

കെഎസ്ആർടിസി ആസ്തികൾ മൂല്യനിർണയം നടത്തണം; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം: ഹൈക്കോടതി

YouTube video player