കോഴിക്കോട്: റോഡിലെ കുഴിയിൽ ചാടിയ സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ യുവതി ദേഹത്ത് ലോറി കയറി മരിച്ച സംഭവത്തിൽ വാട്ടർ അതോറിറ്റി എഞ്ചിനീയർ അറസ്റ്റിൽ. എഞ്ചിനിയർ ബിനോയിയെ മെഡിക്കൽ കോളേജ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

മെഡിക്കൽ കോളേജ് റോഡിൽ പറയഞ്ചേരി ട്രാൻസ്ഫോമറിന് അടുത്ത് വെച്ച് ഇന്നലെയാണ് അപകടം നടന്നത്. റോഡിലെ വെള്ളം നിറഞ്ഞ കുഴിയിൽ ചാടിയ സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ സ്ത്രീകളിൽ ഒരാളുടെ ദേഹത്താണ് ലോറി കയറിയത്. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരു സ്ത്രീക്ക് സാരമായി പരിക്കേറ്റു. രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം.

യുവതിയുടെ മരണത്തില്‍ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മഴ മരണവുമായി ബന്ധപ്പെട്ട് ഉദ്യേഗസ്ഥന്  എതിരെ ഐ പി സി പ്രകാരം കേസെടുക്കാൻ മെഡിക്കൽ കോളേജ് പൊലീസിനോട് കലക്ടർ നിർദേശം നൽകിയതോടെയാണ് അറസ്റ്റ്. പിന്നീട് എഞ്ചിനീയറെ ജാമ്യത്തിൽ വിട്ടു.