ഇടുക്കി: ഇടുക്കിയില്‍ സന്ദര്‍ശകര്‍ക്കായി വാതിലുകള്‍ തുറന്ന് വനംവകുപ്പ്. ഇരവികുളം ദേശീയോദ്യാനമടക്കമുള്ള എക്കോ ടൂറിസം സെക്ടറുകളാണ് ബുധനാഴ്‌ച പ്രവര്‍ത്തനം ആരംഭിക്കുന്നത്. വരയാടുകളുടെ പ്രജനനകാലത്തോട് അനുബന്ധിച്ച് അടച്ചിട്ട ഇരവികുളം ദേശീയോദ്ധ്യാനം ഏപ്രില്‍ മധ്യത്തോടെ തുറക്കുകയായിരുന്നു പതിവ്. എന്നാല്‍ കൊവിഡ് മഹാമാരി പിടിമുറുക്കിയതോടെ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. 

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പാര്‍ക്ക് തുറക്കുന്നത്. പാര്‍ക്ക് സന്ദര്‍ശിക്കുന്നവര്‍ മുഖാവരണം ധരിക്കണം. വാഹനങ്ങള്‍ പാര്‍ക്കിംഗ് ചെയ്യുന്നതിന് മുമ്പ് വാഹനങ്ങള്‍ അണുനശീകരണം നടത്തും. ആടുകളെ തൊടുന്നതിനോ അടുത്തുചെല്ലുന്നതിനോ അനുവാദം ഉണ്ടായിരിക്കുകയില്ല. ശരീര ഊഷ്മാവ് കൂടുതലാണെങ്കില്‍ പാര്‍ക്കില്‍ കയറാന്‍ അനുവദിക്കില്ല തുടങ്ങിയ ഒന്‍പതോളം നിര്‍ദ്ദേശങ്ങളാണ് സന്ദര്‍ശകര്‍ക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുമ്പോട്ടുവെച്ചിരിക്കുന്നത്. 

രാത്രി ട്രക്കിംഗും താമസ സൗകര്യവും നല്‍കുന്നതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തവണ 111 വരയാടിന്‍ കുഞ്ഞുങ്ങളാണ് പിറന്നത്. ഇതോടെ മൊത്തം ആടുകളുടെ എണ്ണം 723 ആയി. ഏപ്രില്‍ മാസത്തില്‍ ട്രൈബികള്‍ വാച്ചര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ കണക്കെടുപ്പിലാണ് 111 കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വാച്ചര്‍മാര്‍, ഡ്രൈവര്‍, എക്കോ ഷോപ്പ് ജീവനക്കാര്‍, ഓഫീസര്‍മാര്‍ എന്നിവരുടെ ആന്റിജന്‍ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. 

ടൂറിസം നിലച്ചതോടെ റിസോര്‍ട്ടുകളിലടക്കം ജോലിചെയ്യുന്ന ആയിരക്കണക്കിന് പേരുടെ ജോലിയാണ് നഷ്ടപ്പെട്ടത്. വനംവകുപ്പിന്റെ ടൂറിസം സെക്ടറുകള്‍ തുറക്കുന്നതോടെ തൊഴിലാളികളുടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. അടുത്തദിവസം ഹൈഡല്‍ ടൂറിസത്തിന്റെ കീഴിലുള്ള പാര്‍ക്കുകള്‍ തുറക്കുമെന്നാണ് സൂചന.

വാഴകൃഷിയുടെ മറവില്‍ കഞ്ചാവ് വളര്‍ത്തല്‍; ഒരാള്‍ അറസ്റ്റില്‍