Asianet News MalayalamAsianet News Malayalam

മുന്‍വൈരാഗ്യം; ഗര്‍ഭിണിയായ മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരെയും മര്‍ദ്ദിച്ചതായി പരാതി

സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നല്‍കാന്‍ പോയ പ്രീനുരാജിന്‍റെ സുഹൃത്ത് സഞ്ചരിച്ച കാറിന് നേരെയും ആക്രമണമുണ്ടായി.

everyone in the family including the pregnant daughter was beaten at alappuzha
Author
First Published Oct 3, 2022, 10:53 AM IST


അമ്പലപ്പുഴ: നാലംഗ സംഘം വീട് ആക്രമിച്ച് ഗർഭിണിയായ യുവതി ഉൾപ്പെടെ വീട്ടിലുള്ളവരെ മർദിച്ചതായി പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ എസ്.എം.സി കോളനിയിൽ പ്രണവിയയില്‍ വിമുക്ത ഭടൻ രാധാകൃഷ്ണൻ (65), ഭാര്യ റിട്ട. ഹെഡ് നഴ്‌സ് പ്രീതകുമാരി (56) മകൾ പ്രീനുരാജ് (28) എന്നിവർക്കാണ് മർദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് 7.30 ഓടെ ഇന്നോവയിലെത്തിയ സംഘം രാധാകൃഷ്ണന്‍റെ വീടിന്‍റെ ജനൽച്ചില്ലുകൾ തല്ലിത്തകർത്തു. തുടര്‍ന്ന് ബഹളം കേട്ട് പുറത്തിറങ്ങിയ രാധാകൃഷ്ണനെ സംഘം മർദ്ദിക്കുകയായിരുന്നു. ഇത് കേട്ട് വീടിന് പുറത്തെത്തിയ ഭാര്യയും മകളും ബഹളം വച്ച് കൊണ്ട് രാധാകൃഷ്ണന് അടുത്തേക്ക് ഓടിയെത്തി. ഈ സമയം സംഘം രാധാകൃഷ്ണന്‍റെ ഭാര്യയെയും ഗർഭിണിയായ മകളെയും മർദ്ദിച്ചു എന്നാണ് പരാതി. 

ബഹളം കേട്ട് നാട്ടുകാർ ഓടി കൂടിയപ്പോഴേക്കും സംഘം വാഹനത്തിൽ കടന്ന് കളഞ്ഞു. നാട്ടുകാരാണ് പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നല്‍കാന്‍ പോയ പ്രീനുരാജിന്‍റെ സുഹൃത്ത് സഞ്ചരിച്ച കാറിന് നേരെയും ആക്രമണമുണ്ടായി. അക്രമത്തിൽ കാറിന്‍റെ മുൻഭാഗത്തെ ചില്ല് തകർന്നു. മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു.

വെള്ളിയാഴ്ച വൈകീട്ട് ആറോടെ രാധാകൃഷ്ണന്‍റെ മകൻ പ്രണവ് രാജിന് ആലപ്പുഴയിൽ വെച്ച് മർദനമേറ്റിരുന്നു. സുഹൃത്തിനോടൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ പിന്നാലെ വന്ന കാർ ഇരുവരും സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറില്‍ ഇടിച്ച് നിർത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും കാറിനെ പിന്തുടർന്ന് തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തു. പ്രണവ് രാജും കാർ ഓടിച്ചിരുന്ന ആളുമായി ഇതേ തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും പ്രണവ് രാജിന് മർദനമേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ പ്രണവ് രാജിനെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് വീടിന് നേരെ അക്രമം ഉണ്ടായത്. പരാതിയില്‍ നാല് പേർക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. കാറിന് നേരെയുണ്ടായ അക്രമത്തിൽ അമ്പലപ്പുഴ പൊലീസിലും പരാതി നൽകി.

Follow Us:
Download App:
  • android
  • ios