ബൈക്ക് കുഴിയിൽ വീഴാതെ വെട്ടിച്ചു; റോഡിലേക്ക് വീണ വിമുക്തഭടന് ബസ് കയറി ദാരുണാന്ത്യം; അപകടം പാലക്കാട്
ഷൊർണൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസാണ് സജീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ബസ് അപകടത്തിൽ വിമുക്തഭടന് ദാരുണാന്ത്യം. വിമുക്ത ഭടനായ പരുതൂർ മംഗലം പുറത്താട്ടിൽ സജീഷാണ് (42) മരിച്ചത്. റോഡിലെ കുഴിയിൽ വീഴാതെ ബൈക്ക് വെട്ടിക്കുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്. റോഡിലേക്ക് വീണ സജീഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ശനിയാഴ്ച്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് മേലെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
ഷൊർണൂരിൽ നിന്ന് പരുതൂരിലേക്കുള്ള യാത്രയിലായിരുന്നു സജീഷ്. ഷൊർണൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസാണ് സജീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പട്ടാമ്പി - മേലെ പട്ടാമ്പി ഭാഗത്തെ റോഡ് തകർന്നുകിടക്കുന്നത് ചർച്ചാവിഷയമാണ്. ഈ ഭാഗത്തെ റോഡുകൾ പൂർണ്ണമായി തകർന്ന അവസ്ഥയിലാണ്.