ഒന്നും രണ്ടും സമ്മാനങ്ങളായി നൽകുന്ന മദ്യ ബ്രാൻ്റുകളുടെ പേരെഴുതിയായിരുന്നു കൂപ്പൺ വിതരണം ചെയ്തത്

കോഴിക്കോട്‌: ഓണസമ്മാനമായി തിരുവോണം ബമ്പര്‍ നറുക്കെടുപ്പിൽ മദ്യം നൽകുമെന്ന്‌ കൂപ്പൺ അച്ചടിച്ച്‌ വിതരണം ചെയ്‌ത യുവാവ്‌ അറസ്റ്റില്‍. ബേപ്പൂർ ഇട്ടിച്ചിറപറമ്പ്‌ കയ്യിടവഴിയിൽ വീട്ടിൽ ഷിംജിത്തി(36)നെയാണ്‌ എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്ടർ ശരത്‌ ബാബുവും സംഘവും പിടികൂടിയത്‌. ആയിരം കൂപ്പണുകളാണ്‌ ഇയാൾ അച്ചടിച്ചത്‌. ഇതിൽ വിൽപ്പന നടത്തിയ 300 കൂപ്പണുകളുടെ കൗണ്ടറും വിൽക്കാത്ത 700 കൂപ്പണുകളും ഇയാളിൽനിന്ന്‌ പിടിച്ചെടുത്തു.

ഒന്നും രണ്ടും സമ്മാനങ്ങളായി നൽകുന്ന മദ്യ ബ്രാൻ്റുകളുടെ പേരെഴുതിയായിരുന്നു കൂപ്പൺ വിതരണം ചെയ്തത്. മദ്യം സമ്മാനമായി നൽകുന്ന കൂപ്പണുകൾ അടിച്ചിറക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ എക്‌സൈസ്‌ വ്യക്തമാക്കി. ഓണമടുത്തതോടെ വ്യാജമദ്യ നിർമ്മാണം വ്യാപകമായെന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെ നടന്ന റെയ്ഡുകള്‍.

തിരുവനന്തപുരം നെയ്യാറ്റിൽകരയിൽ 504 ലിറ്റർ വ്യാജമദ്യമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. നെയ്യാറ്റിൻകരയിലാണ് എക്സൈസ് വ്യാജ മദ്യം പിടികൂടിയത്. സംഭവത്തില്‍ മലയിൻകീഴ്, വെള്ളായണി സ്വദേശികളായ പ്രകാശ്, സതീഷ്‌കുമാർ, സതീഷ് കുമാർ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. വീടെടുത്ത് ഇവർ സ്വയം മദ്യം ഉണ്ടാക്കുകയായിരുന്നു. കൂടാതെ മദ്യക്കുപ്പിയിൽ ഒട്ടിക്കാൻ എക്സൈസിന്റെ സ്റ്റിക്കറും നിർമ്മിച്ചിരുന്നു. 1008 കുപ്പികളിലായാണ് മദ്യം നിറച്ച് വച്ചിരുന്നത്. ഓണം അടുത്ത പശ്ചാത്തലത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മൂന്നുപേരും അറസ്റ്റിലായത്.

സമാനമായ മറ്റൊരു സംഭവത്തില്‍ ബൈക്കിൽ കടത്തികൊണ്ട് വന്ന എംഡിഎംഎയുമായി യുവാവ് പിടിയിലായിരുന്നു. തിരുവനന്തപുരം കുമാരപുരം താമര ഭാഗം ലൈനിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീകാന്ത് (36) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വിഴിഞ്ഞം കോവളം ഭാഗത്തായിരുന്നു പരിശോധന. ബൈക്കിൽ നിന്ന് 14.94 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം