തിരുവനന്തപുരത്ത് അനധികൃതമായി ബിയർ കച്ചവടം ചെയ്ത സംഭവത്തിൽ എക്സൈസ് നടപടി. ഡ്രൈ ഡേയിൽ ഇരട്ടിവിലയ്ക്ക് ബിയർ വിറ്റ ബിയർ പാർലർ പൂട്ടിച്ചു. 257 ലിറ്റർ ബിയർ എക്സൈസ് സംഘം പിടികൂടി.
തിരുവനന്തപുരം: ഡ്രൈ ഡേയിൽ അനധികൃത ബിയർ കച്ചവടം നടത്തിയ ബിയർ പാർലറിൽനിന്ന് 257 ലിറ്റർ ബിയർ എക്സൈസ് സംഘം പിടികൂടി. ഹവ്വാ ബീച്ചിനു സമീപത്തെ മറൈൻ പാലസ് ഹോട്ടലിനോട് അനുബന്ധിച്ച ബിയർ പാർലറിൽ നിന്നാണ് അനധികൃത കച്ചവടം പിടികൂടിയത്. ലൈസൻസ് നിബന്ധന ലംഘനത്തിന് കേസ് എടുത്ത് സ്ഥാപനം അടപ്പിച്ചാണ് സംഘം മടങ്ങിയത്.
ഡ്രൈ ഡേ ദിനത്തിൽ ബിയർ പാർലറിൽ വൻ തോതിൽ കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് മഫ്‌തിയിൽ എത്തി അഞ്ച് കുപ്പി ബിയർ വാങ്ങി. പാർലറിനു പുറത്ത് മതിൽ വഴിയുള്ള കച്ചവടം ഇരട്ടി വിലയ്ക്കായിരുന്നു. ബിയർ വാങ്ങിയ ശേഷം മതിൽ ചാടിക്കടന്നെത്തിയ എക്സൈസ് സംഘം തുടർന്ന് അടുക്കള ഭാഗത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് വൻ ബിയർ ശേഖരം കണ്ടെടുത്തത്.
സംഭവത്തെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥാപനം അടപ്പിച്ചു. ബിയർ പാർലർ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസെടുത്ത് എക്സൈസ് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.


