Asianet News MalayalamAsianet News Malayalam

വ്യാജ മദ്യവില്‍പ്പന? കോഴിക്കോട് ബാറുകളിലും ഗോഡൗണിലും പരിശോധന, തുഷാര്‍ ബാര്‍ പൂട്ടി

തുഷാര്‍ ബാർ എക്സൈസ് അടച്ചുപൂട്ടി. ബാറിലെ മദ്യം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഗോഡൗണിന് പകരം ലൈസൻസ് ഇല്ലാത്ത മറ്റൊരു ഗോഡൗണിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. 

excise raid in kozhikode for finding hooch
Author
Kozhikode, First Published Nov 8, 2021, 5:27 PM IST

കോഴിക്കോട്: വ്യാജമദ്യ വിൽപ്പന നടക്കുന്നുണ്ടോ എന്നറിയാൻ കോഴിക്കോട് (kozhikode) ജില്ലയിലെ ബാറുകളിലും ഗോഡൗണുകളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ (excise). കോഴിക്കോട് തുഷാര ബാറിൽ നിന്ന് 1000 ലിറ്ററിലധികം വ്യാജ മദ്യം പിടിച്ചെടുത്ത സംഭവത്തിലാണ് നടപടി. പിടികൂടിയ വ്യാജ മദ്യം ശരീരത്തിന് ഹാനികരമാണെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. തുഷാര ബാർ എക്സൈസ് അടച്ച് പൂട്ടി. ഞായറാഴ്ച വൈകിട്ടോടെ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സിഐയുടെയും അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണറുടെയും നേതൃത്വത്തിലാണ് തുഷാര ബാറില്‍ പരിശോധന നടത്തിയത്. 

ബാറിലെ മദ്യം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഗോഡൗണിന് പകരം ലൈസൻസ് ഇല്ലാത്ത മറ്റൊരു ഗോഡൗണിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. കോടഞ്ചേരി സ്വദേശിനിയായ റോസ്ലിൻ മാത്യു എന്നിവരുടെ പേരിലാണ് ബാറിന്‍റെ ലൈസൻസ്. എന്നാൽ ഇവർക്ക് വ്യാജ മദ്യവിൽപ്പനയുമായി ബന്ധമില്ലെന്നും ബാറിലെ ജീവനക്കാരാണ് സംഭവത്തിന് പിന്നിലെന്നും എക്സൈസ് പറയുന്നു. ബാർ മാനേജർ സജിത്ത്, ജനറൽ മാനേജർ ജെറി മാത്യു, ഓപ്പറേഷൻ മാനേജർ സുരേന്ദ്രൻ, എന്നിവരാണ് സംഭവത്തിലെ പ്രതികൾ. ജെറി മാത്യവിനെ എക്സൈസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല.

വലിയ പ്ലാസ്റ്റിക് കന്നാസുകളിലും ചെറിയ കുപ്പികളിലുമാണ് മദ്യം ശേഖരിച്ച് വച്ചിരുന്നത്. വില കുറഞ്ഞ ജവാൻ പോലുള്ള ബ്രാന്‍റുകളുടെ കുപ്പിയിലാക്കിയാണ് ഇവ വിതരണം ചെയ്തിരുന്നത്. പാലക്കാട് സ്വദേശിയായ സജിത്താണ് വ്യാജ മദ്യം എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നത്. പാലക്കാട്ടെ ഇയാളുടെ സുഹൃത്തുക്കൾ വഴിയാണ് വ്യാജമദ്യം നിർമിക്കുന്ന സംഘത്തെ പരിചയപ്പെട്ടതെന്ന് ഇയാൾ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്.  വിതരണം ചെയ്യാന്‍ എത്തിച്ചിരുന്നതിൽ കുറച്ച് മദ്യം മാത്രമേ വിറ്റിരുന്നുള്ളു എന്നാണ് പ്രതികളുടെ മൊഴി. എന്നാൽ കൂടുതൽ വിറ്റിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് എക്സൈസ് അധികൃതർ കരുതുന്നത്.

Follow Us:
Download App:
  • android
  • ios