Asianet News MalayalamAsianet News Malayalam

എക്‌സൈസ് ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; 60 ലിറ്റര്‍ ചാരായവും 345 ലിറ്റര്‍ വാഷും പിടികൂടി

ഓണത്തോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ആഗസ്റ്റ് 10 മുതല്‍ സെപ്തംബര്‍ 10 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും രണ്ട് സ്‌ട്രൈക്കിങ്ങ് ഫോഴ്‌സുകളും ജില്ലയില്‍ ആരംഭിച്ചു.
 

excise seized 60 litter Alcohol from kozhikode
Author
Kozhikode, First Published Aug 11, 2020, 4:41 PM IST

കോഴിക്കോട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അബ്കാരി മേഖലയിലുണ്ടാവാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ ആറ് അബ്കാരി കേസുകളും ഒരു മയക്കുമരുന്ന് കേസും രജിസ്റ്റര്‍ ചെയ്തു. റെയ്ഡില്‍ 60 ലിറ്റര്‍ ചാരായം, 345 ലിറ്റര്‍ വാഷ്, 12 വിദേശമദ്യം കൂടാതെ 50 ഗ്രാം കഞ്ചാവ് എന്നിവയും കണ്ടെടുത്തു.

വടകര മണിയൂര്‍ പഞ്ചായത്തിലെ കരുവഞ്ചേരി കളരിക്കുന്ന് മലയിലും ഏറാമല പഞ്ചായത്തിലെ കൈക്കണ്ടത്തും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 235 ലിറ്റര്‍ വാഷും, 60 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ റെയ്ഡില്‍ നടുവണ്ണൂര്‍ കൂവഞ്ചേരി മീത്തല്‍ സജീഷ് എന്നയാളില്‍ നിന്ന് 50 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.

കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ പി.സുരേഷിന്റെ നേതൃത്വത്തില്‍ ചെങ്ങോട്ട്്കാവ് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ തൂവ്വക്കാട്ട്് പറമ്പില്‍ രാജനില്‍ നിന്ന് 60 ലിറ്റര്‍ വാഷ് പിടികൂടി. കൈവശം വച്ചതിന് ഇയാള്‍ക്കെതിരേ കേസെടുത്തു. അനുവദനീയമായ അളവില്‍ കൂടുതല്‍ വിദേശമദ്യം കൈവശം വച്ചതിന് വാഴയൂര്‍ പടിഞ്ഞാറെ കുമ്മഞ്ചേരി വീട്ടില്‍ നിബില്‍ ഉണ്ണി, കൊയിലാണ്ടി ചാനിയംകടവ് ദേശത്ത് നെരവത്ത് വീട്ടില്‍ കൈലേഷ് എന്നിവര്‍ക്കെതിരേ അബ്കാരി കേസെടുത്തു.കോഴിക്കോട് ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫറോക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീശന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നടക്കാവ് തുണ്ടത്തില്‍ സംഗീത് മോന്‍സിന്റെ പക്കലില്‍ നിന്ന് 50 ഗ്രാം കഞ്ചാവ് പിടികൂടി കേസെടുത്തു. 

ഓണത്തോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ആഗസ്റ്റ് 10 മുതല്‍ സെപ്തംബര്‍ 10 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും രണ്ട് സ്‌ട്രൈക്കിങ്ങ് ഫോഴ്‌സുകളും ജില്ലയില്‍ ആരംഭിച്ചു. കുറ്റകൃത്യങ്ങള്‍ അറിയിക്കുന്നതിനായി 04952372927 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് കോഴിക്കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ താജുദ്ദീന്‍കുട്ടി അറിയിച്ചു.

Follow Us:
Download App:
  • android
  • ios