പ്രതിയുടെ ഭാര്യ രാധാമണി മൈലം പഞ്ചായത്തിലെ ബിജെപി മുൻ അംഗമാണ്. ഇത്തവണ ജില്ലാ പഞ്ചായത്തിലേക്കും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര പള്ളിക്കലിൽ സർപ്പക്കാവിൽ ആക്രമണം നടത്തിയ പ്രതി പിടിയിൽ. പള്ളിക്കൽ സ്വദേശി രഘുവാണ് അറസ്റ്റിലായത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച ബിജെപി സ്ഥാനാർത്ഥിയുടെ ഭർത്താവാണ് പ്രതി. ഡിസംബർ 21ന് രാത്രിയായിരുന്നു പള്ളിക്കലിലെ സർപ്പക്കാവിൽ ആക്രമണം നടന്നത്. അക്രമി ശിവപ്രതിഷ്ഠ കടത്തിക്കൊണ്ടുപ്പോവുകയും നാഗപ്രതിഷ്ഠകൾ പിഴുതെറിയുകയും ചെയ്തു. കൂടാതെ കാവിന് മുന്നിലുള്ള ദേവിക്ഷേത്രത്തിലെ കൽവിളക്കുകൾ തകർത്തു. ഓഫീസിലെ കസേരകളും മേശയും നശിപ്പിപ്പിച്ചു. കൊട്ടാരക്കര പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം പ്രതിയെ കുറിച്ച് യാതൊരു സൂചനയും കിട്ടിയില്ല. പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ചുള്ള ഏകദേശ വിവരം ലഭിച്ചത്. ഈ സൂചനകളുടെ അടിസ്ഥാനത്തിൽ പള്ളിക്കൽ സ്വദേശി രഘുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു.

ക്ഷേത്രഭാരവാഹികളും രഘുവും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. മദ്യ ലഹരിയിൽ സംഭവിച്ചതെന്നാണ് രഘുവിൻ്റെ മൊഴി. പ്രതിയുടെ ഭാര്യ രാധാമണി മൈലം പഞ്ചായത്തിലെ ബിജെപി മുൻ അംഗമാണ്. ഇത്തവണ ജില്ലാ പഞ്ചായത്തിലേക്കും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. എന്നാൽ രഘു പാർട്ടി പ്രവർത്തകനല്ലെന്നാണ് ബിജെപി ഭാരവാഹികൾ പറയുന്നത്.


