ഒന്നും രണ്ടും കുപ്പിയല്ല, 40 ലിറ്റർ വിദേശ മദ്യം! എല്ലാം ചില്ലറ വിൽപ്പനക്ക്; ഉടുമ്പൻചോലയിൽ വിദേശ മദ്യം പിടികൂടി
എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ നെബു എ.സിയുടെ സംഘമാണ് ബിബിനെ അറസ്റ്റ് ചെയ്തത്.
ഉടുമ്പൻചോല: ഇടുക്കിയിൽ അനധികൃത മദ്യ വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന 40 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം എക്സൈസ് പിടികൂടി. ഉടുമ്പൻചോല കൽകൂന്തൽ സ്വദേശി ബിബിൻ എന്നയാളിൽ നിന്നുമാണ് എക്സൈസ് മദ്യം പിടിച്ചെടുത്തത്. ഇയാളിൽ നിന്നും 1200 രൂപ തൊണ്ടി മണിയായി കണ്ടെടുത്തു. ചില്ലറ വിൽപ്പനയ്ക്കായി ബിവറേജിൽ നിന്ന് വാങ്ങി സൂക്ഷിച്ച മദ്യമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ നെബു എ.സിയുടെ സംഘമാണ് ബിബിനെ അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷിജു പി കെ, സിവിൽ എക്സൈസ് ഓഫീസർ ആൽബിൻ ജോസ്, അശ്വതി വി, ഡ്രൈവർ ശശി പി കെ എന്നിവർ പങ്കെടുത്തു.
മറ്റൊരു കേസിൽ കോട്ടയം ചങ്ങനാശ്ശേരിയിൽ 31.116 ഗ്രാം ബ്രൗൺഷുഗർ പിടികൂടി. ബംഗാൾ സ്വദേശി ഫിറോസ് ഹൊസൈൻ എന്നയാളെയാണ് ബ്രൗൺഷുഗറുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടർ ബിനു.ജെ.എസും പാർട്ടിയും ചേർന്നു നടത്തിയ പട്രോളിംഗിൽ ചങ്ങനാശ്ശേരി പായിപ്പാട് നിന്നാണ് പ്രതിയെ പൊക്കിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ എ.എസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഷിജു.കെ ഗോപകുമാർ.പി.ബി, അമൽ ദേവ് .ഡി, ഡ്രൈവർ റോഷി വർഗീസ് എന്നിവർ പങ്കെടുത്തു.