പുലർച്ചെയെത്തുന്ന രോഗികളും അവരുടെ സഹായികളും അനുഭവിക്കുന്ന യാത്രാ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കെഎസ്ആർടിസിയുടെ തീരുമാനം

തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസി ആരംഭിച്ച 'പിങ്ക് ബസ്' സർവീസിൽ പ്രത്യേക യാത്രാ ഇളവ്. രാവിലെ 4.30-ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന സർവീസിലാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ട്രിപ്പിൽ മെഡിക്കൽ കോളെജിലേക്ക് ചികിത്സയ്ക്കായി പോകുന്ന സ്ത്രീ രോഗികൾക്കൊപ്പമുള്ള പുരുഷ കൂട്ടിരിപ്പുകാർക്കും, സ്ത്രീ കൂട്ടിരിപ്പുകാർക്കൊപ്പമുള്ള പുരുഷ രോഗികൾക്കും യാത്ര ചെയ്യാൻ അനുമതിയുണ്ടായിരിക്കും. പുലർച്ചെയെത്തുന്ന രോഗികളും അവരുടെ സഹായികളും അനുഭവിക്കുന്ന യാത്രാ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കെഎസ്ആർടിസിയുടെ തീരുമാനം.

YouTube video player

അതേസമയം, പ്രത്യേക അനുമതി രാവിലെ 4.30-ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന മെഡിക്കൽ കോളെജ് സർവീസിന് മാത്രമായിരിക്കും ബാധകമെന്നും അധികൃതർ അറിയിച്ചു. പിങ്ക് ബസിന്‍റെ മറ്റ് ട്രിപ്പുകളിലെല്ലാം നിലവിലുള്ള യാത്രാ നിബന്ധനകൾ (സ്ത്രീകൾക്ക് മാത്രമുള്ള യാത്ര) മാറ്റമില്ലാതെ തുടരുമെന്നും യാത്രക്കാർ ഈ ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും കെഎസ്ആർടിസി അഭ്യർഥിച്ചു. രാത്രി പത്തിനും രാവിലെ അഞ്ചിനുമുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐടി ജീവനക്കാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 'പ്രതിധ്വനി' എന്ന സംഘടന നൽകിയ നിവേദനവും പരിഗണിച്ചാണ് സർവീസ് ആരംഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം