ഒരാഴ്ച മുൻപ് ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി കുന്നംകുളത്ത് ബസിടിച്ച് മരിച്ചു
ഷാനിൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ കുറ്റപ്പെടുത്തി

തൃശ്ശൂർ: ബസിന്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. കുന്നംകുളം പാറേംമ്പാടത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഷൊർണ്ണൂർ - കുന്നംകുളം റൂട്ടിലോടുന്ന കല്ലായിൽ ബസ് ആണ് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചത്. കുന്നംകുളം കരിക്കാട് സ്വദേശി താവളത്തിൽ ഷാനിൽ (40) ആണ് മരിച്ചത്. ഷാനിലിന്റെ തലയിലൂടെ ബസ്സിന്റെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു. ഷാനിൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ കുറ്റപ്പെടുത്തി. പ്രവാസി മലയാളിയായ ഷാനിൽ ഒരാഴ്ച മുൻപാണ് ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയത്.
വടകരയില്‍ ദേശീയപാതയിലും സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂട്ടര്‍ യാത്രികരായ കണ്ണൂക്കര സ്വദേശി സുനീർ, സഹോദരി സുനീറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. പാർക്കോ ആശുപത്രിക്ക് സമീപത്ത് വച്ച്, കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗീത എന്ന സ്വകാര്യ ബസ് സ്കൂട്ടറിനെ ഇടിച്ചു. സുനീറും സുനീറയും റോഡിലേക്ക് തെറിച്ച് വീണു. മുൻവശത്തെ ടയറിന് മുന്നിലായി കുരുങ്ങിക്കിടന്ന സ്കൂട്ടറിനെ വലിച്ച് ബസ് പിന്നെയും മുന്നോട്ട് പോയി. 20 മീറ്ററോളം ദൂരെയാണ് ബസ് നിത്തിയത്. സ്കൂട്ടറിൽ നിന്ന് തെറിച്ച് പോയതിനാലാണ് രണ്ട് പേരുടെയും ജീവൻ അപായത്തിലാവാതിരുന്നത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.