കർഷകസംഘം ജില്ലാ പ്രസിഡന്റും പുല്‍പ്പള്ളി ഏരിയ കമ്മിറ്റി അംഗവുമായ എ വി ജയനെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പാർട്ടി തരംതാഴ്ത്തി.

വയനാട്: വയനാട് സിപിഎമ്മിൽ പൊട്ടിത്തെറി. കർഷകസംഘം ജില്ലാ പ്രസിഡന്റും പുല്‍പ്പള്ളി ഏരിയ കമ്മിറ്റി അംഗവുമായ എ വി ജയനെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പാർട്ടി തരംതാഴ്ത്തി. ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച എ വി ജയൻ തനിക്കെതിരായ നടപടി ജില്ലയിലെ വിഭാഗീയതയുടെ ഭാഗമെന്ന് കുറ്റപ്പെടുത്തി. ഭൂരിപക്ഷമുള്ള വിഭാഗത്തിനൊപ്പം നിൽക്കാത്തതാണ് തന്റെ തെറ്റെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാലിയേറ്റീവ് കെയർ സഹായവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തി എന്ന് ആരോപിച്ചാണ് ജില്ലയിലെ പ്രമുഖ നേതാവായ എ വി ജയനെതിരെ പാർട്ടി നടപടി എടുത്തത്. വിഷയത്തിൽ കമ്മീഷനെ വെച്ച സിപിഎം നേതൃത്വം, അന്വേഷണത്തിന് ഒടുവിൽ നടപടിയെടുക്കുകയായിരുന്നു. പുല്‍പ്പള്ളി ഏരിയ കമ്മിറ്റി അംഗമായ ജയനെ ഇരുളം ലോക്കല്‍ കമ്മിറ്റിയിലേക്ക് ആണ് തരം താഴ്ത്തിയിരിക്കുന്നത്. എന്നാല്‍ വയനാട്ടിലെ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട ചേരി തിരിവാണ് നടപടിയിലേക്ക് നയിച്ചതെന്നാണ് ഉയരുന്ന സൂചന. ഭൂരിപക്ഷ വിഭാഗത്തിനൊപ്പം നില്‍ക്കാത്തതാണ് തന്‍റെ തെറ്റെന്നും അധികാര മോഹികളായ ജില്ലയിലെ നേതൃത്വത്തിലുള്ളതെന്നും എ വി ജയൻ തുറന്ന് പറഞ്ഞു. താലിബാൻ മോഡലില്‍ ഏകാധിപത്യപരമായി പോകാൻ സിപിഎമ്മിന് ആകില്ലെന്നും വലിയ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ സമ്മേളനത്തില്‍ വയനാട്ടില്‍ വലിയ അട്ടിമറിയാണ് നടന്നത്. ജില്ലാ സെക്രട്ടറിയായ പി ഗഗാറിനെ വെട്ടി കെ റഫീഖാണ് ജില്ലാ സെക്രട്ടറിയായത്. സികെ ശശീന്ദ്രന്‍റെ പിന്തുണയോടെയായിരുന്നു അപ്രതീക്ഷിത നീക്കം. ഇതോടെ ജില്ലയിലെ സിപിഎമ്മിനുള്ളില്‍ ചേരി തിരിവ് രൂക്ഷമാകുകയായിരുന്നു. നിലവിലെ വിഷയത്തില്‍ രണ്ട് ലോക്കല്‍ കമ്മിറ്റികളുടെയും പ്രാദേശിക നേതാക്കളുടെയും പിന്തുണയുണ്ടെന്ന് എ വി ജയൻ അവകാശപ്പെട്ടു. വിഷയത്തില്‍ പൂതാടി, കേണിച്ചിറ, ഇരുളം മേഖലയിലെ നിന്നുള്ള കൂടുതല്‍ പേരുടെ പിന്തുണ എ വി ജയന്‍ ഉണ്ടായാല്‍ സിപിഎം നേതൃത്വത്തിന് അത് കൂടുതല്‍ തലവേദനയാകും.