മാന്നാർ: സ്വന്തം വീട്ടിലേക്കുള്ള വഴിയറിയാതെ എത്തിയ വൃദ്ധന് ബന്ധുക്കളെ കണ്ടെത്താൻ മാന്നാർ എമർജൻസി റെസ്ക്യു ടീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുണയായി. മാവേലിക്കര കൊയ്പള്ളി കാരാഴ്മ പാരൂർ കിഴക്കേതിൽ ഭാസ്കരൻ (75) ആണ് വീട്ടിലേക്കുള്ള വഴിയറിയാതെ ഞായറാഴ്ച വൈകിട്ട് ആറരയോടെ മാന്നാർ എമർജൻസി റെസ്ക്യു ടീം ഇൻഫോ ഗ്രൂപ്പ് അംഗം കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് കയറി ചെന്നത്.

സംസാരത്തിൽ ഭാസ്കരൻ ഓർമ്മശക്തി കുറവായ ആളാണെന്ന് മനസിലാക്കിയ കൃഷ്ണ കുമാർ മാന്നാർ പൊലീസിൽ വിവരം അറിയിക്കുകയും സമൂഹമാധ്യമങ്ങളിൽ ഭാസകരന്റെ ഫോട്ടോ വച്ചുകൊണ്ട് പോസ്റ്റുകൾ പങ്കുവയ്ക്കുയും ചെയ്തു. തുടർന്ന് മാന്നാർ പൊലീസ് സ്ഥലത്തെത്തി ഭാസകരനെ സ്റ്റേഷനിൽ കൂട്ടികൊണ്ട് പോയി ഷർട്ടിൽ പതിച്ചിരുന്ന തയ്യൽ കടയുടെ വിലാസം വച്ചു ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണം നടത്തി.

ഇതിന് പിന്നാലെ ഫേസ്ബു‌ക്ക് പോസ്റ്റ് കണ്ട ബന്ധുക്കൾ മാന്നാർ എമർജൻസി റെസ്ക്യു ടീമിന്റെ നമ്പറിലേക്ക് വിളിച്ച് വിവരങ്ങൾ തിരക്കി മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി ഭാസ്കരനെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകുകയായിരുന്നു.